
ദോഹ: സ്തനാര്‍ബുദ ബോധവത്കരണത്തോടനുബന്ധിച്ച് ആകാശത്ത് പിങ്ക് റിബണിന്റെ മാതൃകയില്‍ പാത സൃഷ്ടിച്ച് ഖത്തര്‍ എയര്വേയ്സിന്റെഡ്രീംലൈനര് വിമാനം. 787-8 ഡ്രീം ലൈനര്‍(ക്യൂആര്‍ 9901) എയര്‍ക്രാഫ്റ്റിന്റെ സര്‍വീസ് നിയന്ത്രിച്ചത് പൂര്‍ണമായും വനിതകളാണന്ന പ്രത്യേകതയുമുണ്ട്. ഫ്ളൈറ്റ് ഡെക്ക് മുതല്‍ കാബിന് ക്രൂ വരെ വനിതകളുടെ സമ്പൂര്ണനിയന്ത്രണത്തിലായിരുന്നു വിമാനസര്‍വീസ്. സ്ത്നാര്ബുദ ബോധവല്‍ക്കരണ മാസത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഖത്തര്‍ എയര്‍വേയ്സിന്റെ ഇത്തരമൊരു തീരുമാനം. ഖത്തറിന്റെ ആകാശ പാതയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ സന്ദേശം പകര്‍ന്ന് പിങ്ക് റിബണിന്റെ രൂപത്തിലുള്ള പാത സൃഷ്ടിക്കുകയും ചെയ്തു. കാബിന് ക്രൂവിന്റെ ഭാഗമായ വനിതാ ജീവനക്കാരെല്ലാം പിങ്ക് റിബണും പിങ്ക് നിറത്തിലെ മാസ്കും ധരിച്ചാണ് ബോധവല്ക്കരണത്തില് പങ്കാളികളായത്. റിയല്‍ ടൈം എയര്‍ ട്രാഫിക് ട്രാക്കര്‍ ഫ്ളൈറ്റ് റഡാറില്‍ പാതയിലെ റിബണ്‍ രൂപം വ്യക്തമായി ദൃശ്യമായിരുന്നു. തിങ്ക് പിങ്ക് ഫ്ളൈറ്റ് ക്യൂആര്‍ 9901 ന്റെ പ്രത്യേക ആകാശ പാത കാണാന്‍ ട്വിറ്ററിലൂടെ യാത്രക്കാരെ ക്ഷണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷവും ഖത്തര്‍ എയര്‍വേയ്സ് സ്തനാര്‍ബുദ ബോധവത്കരണത്തോടനുബന്ധിച്ച് വനിതകളെ മാത്രം ഉപയോഗിച്ച് വിമാനസര്‍വീസ് നടത്തിയിരുന്നു.