in

ഗുരുതരമായ കോവിഡ് രോഗികള്‍ക്ക് വലിയ ആശ്വാസമായി പ്ലാസ്മ ചികിത്സ

ഡോ. മുന അല്‍മസ്‌ലമാനി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) കൊറോണ വൈറസ്(കോവിഡ്-19) ചികിത്സക്കായി ഉപയോഗിക്കുന്ന കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്നു. കോവിഡ് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സക്കായി പ്ലാസ്മ ഉപയോഗിക്കുന്നുണ്ട്.
സുഖം പ്രാപിച്ച കോവിഡ് രോഗികളുടെ ആന്റിബോഡി സമ്പുഷ്ടമായ രക്ത പ്ലാസ്മ രോഗവുമായി പോരാടുന്നവരിലേക്ക് മാറ്റുന്നത് ഖത്തറില്‍ നല്ല ഫലങ്ങള്‍ നല്‍കുന്നുണ്ട്. കോവിഡ് മുക്തരായവരോടു പ്ലാസ്മ ദാനം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നു. രോഗമുക്തരായവര്‍ ദാനം ചെയ്ത പ്ലാസ്മ 170ലധികം രോഗികളില്‍ ചികിത്സക്കായി ഉപയോഗിച്ചിട്ടുണ്ട്.
ഇതില്‍ പകുതിയോളം പേരുടെയും അവസ്ഥ മെച്ചപ്പെട്ടതായി കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്‌ലമാനി പറഞ്ഞു. രോഗികള്‍ കോവിഡിനെ പ്രതിരോധിക്കുമ്പോള്‍ അവരുടെ ശരീരം അതിനെ ആക്രമിക്കാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ആന്റിബോഡികള്‍ ബി ലിംഫോസൈറ്റ്‌സ് എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളാല്‍ സ്രവിക്കപ്പെടും. രക്തത്തിലെ ദ്രാവകഭാഗമായ പ്ലാസ്മയിലാണ് ഇവ കാണപ്പെടുന്നത്.
ഇത് രക്തം കട്ടപിടിക്കാന്‍ സഹായിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഒരാള്‍ സുഖംപ്രാപിച്ചു കഴിഞ്ഞാലും ആന്റിബോഡികള്‍ അവരുടെ ശരീരത്തില്‍ തുടരും, വൈറസ് തിരിച്ചെത്തിയാല്‍ നേരിടാന്‍. സുഖം പ്രാപിച്ച ഒരു രോഗിയില്‍ നിന്നുള്ള പ്ലാസ്മ രോഗബാധിതരായ രണ്ടുപേരില്‍ ചികിത്സിക്കാന്‍ ഉപയോഗിക്കാം. ഫലങ്ങള്‍ കാണുന്നതിന് ഒരു ട്രാന്‍സ്ഫ്യൂഷന്‍ മതി. കോവിഡ്-19ല്‍ നിന്ന് രോഗമുക്തരായ ആര്‍ക്കും പ്ലാസ്മ ദാനം ചെയ്യാം.
സാംക്രമിക രോഗ കേന്ദ്രത്തില്‍ പ്ലാസ്മാദാന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്എംസിയുടെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് സിഡിസിയില്‍ പ്ലാസ്മ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തില്‍ നിന്ന് പ്ലാസ്മയെ നേരിട്ട് വേര്‍തിരിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളാണ് ആധുനിക പ്ലാസ്മ സെന്ററിലുള്ളത്. പുതിയ പ്ലാസ്മ കേന്ദ്രത്തില്‍ പ്ലാസ്മ സംരക്ഷണ ഡിവൈസുകളുണ്ട്.
ഇത് ദീര്‍ഘകാല ഉപയോഗത്തിന് അനുയോജ്യമാണ്. വെന്റിലേറ്ററുകളില്‍ കഴിയുന്നവരോ ഓക്‌സിജന്‍ സപ്ലിമെന്റ് ആവശ്യമുള്ള കഠിനമായ ലക്ഷണങ്ങളുള്ള രോഗികളില്‍ പ്ലാസ്മ ചികിത്സയുടെ ഫലമായി വീണ്ടെടുക്കല്‍ നിരക്ക് 50ശതമാനമാണ്. തീവ്രപരിചരണം അല്ലെങ്കില്‍ ശ്വസന ട്യൂബിന്റെ ഉപയോഗം ആവശ്യമുള്ള ഘട്ടത്തിലെത്തുന്നതിനുമുമ്പ് മിതമായ അണുബാധയുള്ള രോഗികള്‍ക്ക് നേരത്തെതന്നെ ഇത്തരത്തിലുള്ള ചികിത്സ നല്‍കുക എന്നതാണ് ഇപ്പോള്‍ ലക്ഷ്യം. പ്ലാസ്മ ദാനം ചെയ്ത രോഗമുക്തരായവരെ അഭിനന്ദിച്ച ഡോ. മുന അല്‍മസ്‌ലമാനി മറ്റു രോഗമുക്തരായവരോടു പ്ലാസ്മ ദാനം ചെയ്യാന്‍ ആഹ്വാനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച് ഖത്തറിലെ മിക്ക കോവിഡ് -19 രോഗികളെയും പോസിറ്റീവായി സ്ഥിരീകരിച്ച് 14 ദിവസത്തിന് ശേഷം ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നുണ്ട്. അത്തരം രോഗമുക്തര്‍ 28 ദിവസത്തിനുശേഷം പ്ലാസ്മ ദാനം ചെയ്യാന്‍ യോഗ്യരാകും.
പക്ഷേ അവര്‍ക്ക് ആവശ്യമായ ആന്റിബോഡികള്‍ ഉണ്ടെന്നും അവ ഇനി പകര്‍ച്ചവ്യാധികളല്ലെന്നും ഉറപ്പാക്കാന്‍ പരിശോധന നടത്തും. മറ്റ് രോഗികളെ സുഖപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്ലാസ്മ സംഭാവന നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്ലാസ്മ ദാതാവായ മുഹമ്മദ് അബ്ദുല്‍ സലാം പറഞ്ഞു.
മറ്റൊരു ദാതാവായ അബ്ദുല്‍ ലത്തീഫും സമാനമായ വികാരങ്ങള്‍ പങ്കുവെക്കുകയും പ്ലാസ്മ ദാനം ചെയ്യാന്‍ അതിജീവിച്ച മറ്റ് കോവിഡ് മുക്തരോടു ആഹ്വാനം ചെയ്യുകയും ചെയ്തു. കോവിഡ് പ്ലാസ്മാ ചികിത്സാ പദ്ധതിയില്‍ എച്ചഎംസിയുടെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍(രക്തപ്പകര്‍ച്ച) സര്‍വീസസ് പ്രധാനപങ്ക് വഹിക്കുന്നുണ്ട്. രോഗമുക്തരായവരില്‍ നിന്നും പ്ലാസ്മ ശേഖരിക്കുന്നതിനുള്ള ഉത്തരവാദത്വം ഇവര്‍ക്കാണ്. കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയില്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസിന്റെ പങ്കാളിത്തമുണ്ടെന്ന് രക്തദാന കേന്ദ്രം മെഡിക്കല്‍ മാനേജര്‍ സാദിക അല്‍മഹ്മൂദി പറഞ്ഞു.
ബ്ലഡ് പ്ലാസ്മാ ചികിത്സ രീതിയിലുടെ കോവിഡ് രോഗികളുടെ ഓക്സിജന്റെ അളവ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മെച്ചപ്പെടുത്താനാവും. പ്ലാസ്മ ചികിത്സ സ്വീകരിച്ച രോഗികളുടെ നെഞ്ചിലെ അസ്വസ്ഥതയില്‍ പുരോഗതിയുണ്ടെന്ന് ക്ലിനിക്കല്‍ എക്സ്റേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂണ്‍ 7) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ ആദ്യ മത്സരം ജൂലൈ 24ന്‌