in ,

ദര്‍റാജി അള്‍ജീരിയയില്‍ നിന്നുമെത്തി; പന്തുകൊണ്ട് മായാജാലം തീര്‍ക്കാന്‍

കോര്‍ണിഷില്‍ പന്തുമായി ദര്‍റാജിന്റെ പ്രകടനം

അശ്‌റഫ് തൂണേരി/ദോഹ: ശാന്തസുന്ദരമായ ദോഹ കോര്‍ണിഷ് തീരത്തൂകൂടെ നടക്കുന്നതിനിടയിലാണ് ഒരരികില്‍ മഞ്ഞപ്പന്തുമായി ഒരാള്‍ കിടന്നും ഉരുണ്ടും കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചെന്നപ്പോള്‍ പച്ചടീഷര്‍ട്ടണിഞ്ഞ സുന്ദരനായ ഒരു മധ്യവയസ്‌കന്‍. യൂറോപ്യനെന്ന് തോന്നും. മലര്‍ന്ന് കിടന്ന് കാലില്‍ നിന്നും ഫുട്‌ബോള്‍ ഇരുകാലിലും മാറ്റി തട്ടിക്കളിക്കുന്നു. മാറിയും മറഞ്ഞും പിന്നെ ശരീരത്തിലൂടെ തലയിലേക്ക്.

തലയില്‍ പന്തെത്തുന്നതോടൊപ്പം തന്നെ അയാളും എഴുന്നേറ്റുനിന്നിരുന്നു. പിന്നെ തലയില്‍ നിന്നാണ് പന്തുകളി. അതും ഏറെ നേരം. ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും തലയിലുടെ ഫുട്‌ബോള്‍ കൊണ്ട് മായാജീലം തീര്‍ത്തു. ഒരല്‍പ്പം വിശ്രമത്തിനാണെന്ന് തോന്നുന്നു. നിര്‍ത്തിയപ്പോള്‍ അടുത്തെത്തി പേരുചോദിച്ചു.

ദര്‍റാജി. അള്‍ജീരയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സിനടുത്തുള്ള ബുലിദ ഗ്രാമത്തില്‍ നിന്നുള്ള അമ്പത്തിമൂന്നുകാരന്‍. പത്താം വയസ്സു മുതല്‍ ഫുട്‌ബോള്‍ കളി തുടങ്ങി. ചെറുപ്പം മുതലേ കാല്‍പ്പന്തുകളിയോടൊപ്പം ‘തല’പ്പന്തുകളിയും ഇഷ്ടമായിരുന്നുവെന്ന് ചിരിയോടെ പറഞ്ഞു. അള്‍ജീരയിലെ മൈതാനങ്ങളിലും പൊതുസ്ഥലങ്ങൡും തലയില്‍ പന്തുമായി ഏറെ നേരവും കളി തുടരുമെന്നും അമ്പതു കിലോമീറ്റര്‍ വരെ വീഴാതെ പന്തുമായി നടന്ന് ചരിത്രം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ചില ജോലികള്‍ ചെയ്തു കുടുംബം പോറ്റുന്ന ദര്‍റാജിന്റെ വീട്ടില്‍ ആരും കളിഭ്രാന്തന്‍മാരില്ല. നാട്ടിലെ കളിമൈതാനങ്ങളാണ് ഇത്തരം ആവേശത്തിലേക്കെത്തിച്ചത്. മറഡോണയോട് ഏറെ സ്‌നേഹമുള്ള ദര്‍റാജി തുനീഷ്യയുടെ ആരാധകനാണ്. തുനീഷ്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള കളി കാണാന്‍ ടിക്കറ്റെടുത്തിട്ടുണ്ട്. അറബ് ലോകത്ത് തുനീഷ്യയുടെ കളി ഏറെ ഇഷ്ടപ്പെടുന്നു. ഖത്തര്‍ എന്ന ചെറിയ രാജ്യം ഇത്രയും വലിയ ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി.

ബ്രസീല്‍ ജയിക്കുമെന്ന പ്രവചനവും നടത്താന്‍ ഈ അള്‍ജീരയക്കാരന്‍ കായികതാരം മറന്നില്ല. നാലു ദിനങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ ലോകകപ്പ് കാണാന്‍ ദോഹയിലെത്തിയ ദര്‍റാജ് ഇനി ഫാന്‍സോണിലെ നിറഞ്ഞ സാന്നിധ്യമായും കിട്ടുന്ന തുറന്ന ഇടങ്ങളില്‍ പന്തുമായി ഇന്ദ്രജാലം തീര്‍ത്തും സജീവമാവും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹയില്‍ ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലോ സെമിയോ എത്തിയാല്‍ ഗ്രേറ്റ് ആയിരിക്കുമെന്ന് ഐ.എം വിജയന്‍

‘കുപ്പായങ്ങളുടെ മഴവില്ല്’ ഒരുങ്ങുന്നു