
ദോഹ: അല്‍ദായേന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം ഭക്ഷ്യഔട്ട്ലെറ്റുകളില് പരിശോധന ശക്തമാക്കി. കഴിഞ്ഞമാസം മാത്രം മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ ഭക്ഷ്യഔട്ട്ലെറ്റുകളിലായി 213 പരിശോധനകളാണ് നടത്തിയത്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ മുനിസിപ്പാലിറ്റികളിലെയും ഭക്ഷ്യശാലകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്.
ഭക്ഷണം പാചകം ചെയ്യുന്നതും സംഭരണവും തുടങ്ങി എല്ലാ ഘട്ടങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനക്കിടെ പതിനാറ് നിയമലംഘനങ്ങള്‍ കണ്ടെത്തി. മനുഷ്യ ഭക്ഷ്യനിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തിരിക്കുന്നത്. ഒന്‍പത് പരാതികളും ആരോഗ്യ നിരീക്ഷണ വകുപ്പിനു ലഭിച്ചു. ഈ പരാതികള്‍ ഉടനടി കൈകാര്യം ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഇതേകാലയളവില്‍ രണ്ടു സംയുക്ത പരിശോധനാ കാമ്പയിനുകള്‍ നടത്തി. ഒരു ഉത്പന്നം വിപണിയില്‍ നിന്നും തിരിച്ചുവിളിക്കുകയും ചെയ്തു.