in ,

നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്കൊരു മുന്നറിയിപ്പ്…
ഖത്തറില്‍ പൊതുമാപ്പ് ഈ മാസം 31 വരെ

ദോഹ: ഖത്തര്‍ അനുവദിക്കുന്ന പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31 വരെയായിരിക്കുമെന്നും നിയമവിരുദ്ധമായി (violating the law)  രാജ്യത്ത് തങ്ങുന്ന  പ്രവാസികള്‍ ഇത് അടിയന്തിരമായി പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രാലയം (Ministry of Interior Qatar). നിയമം ലംഘിച്ച  പ്രവാസികള്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ളതാണ് പൊതുമാപ്പ്. ഒക്ടോബര്‍ 10 നാണ് തുടക്കമായത്.
ഗ്രേസ് പിരീയിഡ് കാലത്തെ നടപടി ക്രമങ്ങള്‍ അറിയാനും മനസ്സിലാക്കാനുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് ഡിപ്പാര്‍ട്‌മെന്റ് (search and follow-up) കാര്യാലയം സന്ദര്‍ശിച്ച ഖത്തറിലെ വിവിധ രാജ്യങ്ങളുടെ കമ്യൂണിറ്റി നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എഫ്.ഡി ഓഫീസര്‍ ക്യാപ്റ്റന്‍ കമാല്‍ താഹിര്‍ അതൈ്വരി, യൂണിഫൈഡ് സര്‍വീസ് വിഭാഗം ഓഫീസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍റാഷിദ്, സേര്‍ച്ച് ആന്റ് ഫോളോ അപിലെ ഉന്നതോദ്യോഗസ്ഥന്‍ അഹ്മദ് അല്‍മര്‍റി എന്നിവര്‍ നടപടി ക്രമങ്ങള്‍ വിശദീകരിച്ചു.

അവസരം ലഭിക്കുന്നവര്‍ ആര്‍ക്ക്?

1-റസിഡന്റ് പെര്‍മിറ്റ് (Resident Permit)ഇല്ലാത്തവര്‍, ആര്‍.പിയുടെ കാലവാധി കഴിഞ്ഞ് 90 ദിവസം പിന്നിട്ടവര്‍, തൊഴില്‍ ദാതാവിന്റെ പരാതിയില്ലാത്തവര്‍ എന്നിവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി നിയമവിധേയമാവാം.

2-ഒളിച്ചോടിയതായി തൊഴിലുടമയുടെ പരാതിയുള്ളവര്‍ക്ക്  കേസ് നല്‍കി  30 ദിവസത്തിനുള്ളിലോ അതിനു ശേഷമോ ഉള്ളവര്‍ക്ക്  നിയമ നടപടികളൊന്നുമില്ലാതെ  രാജ്യത്തേക്ക് മടങ്ങാവുന്നതാണ്. മറ്റു വിസകളില്‍ തിരികെ ഖത്തറിലെത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ല.

3-കുടുംബ വിസ, സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞവര്‍ക്ക് അവസരം ഉപയോഗപ്പെടുത്താം.

5-ആര്‍.പി റദ്ദാക്കി 90 ദിവസം കഴിഞ്ഞ പ്രവാസികള്‍ക്ക്  നിയമപരമായ പിഴത്തുക അടച്ചു തീര്‍പ്പാക്കിയ ശേഷം രാജ്യത്ത് തിരികെ പ്രവേശിക്കാന്‍ അനുവാദം നല്‍കും.

ഇതിനു പുറമെ, 18 വയസ്സിന് താഴെ പ്രായമുള്ള അനധികൃത താമസക്കാരെങ്കില്‍, നിയമ നടിപടികളോ മറ്റോ നേരിടേണ്ടിവരില്ല. ഇവര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിലും വിലക്കില്ല.

അവസരം പാഴാക്കാതിരിക്കുക

യൂണിഫൈഡ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റിനു കീഴില്‍ ഉംസലാല്‍, ഉംസുനൈം (ഇന്‍ഡസ്ട്രിയല്‍ എരിയ), മിസൈമീര്‍, അല്‍വഖ്‌റ, അല്‍റയ്യാന്‍ എന്നിവടങ്ങളിലെ കേന്ദ്രങ്ങള്‍ വഴി അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് സ്്റ്റാറ്റസ് നിയമവിധേയമാക്കാമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റാഷിദ് പറഞ്ഞു. ഇവിടങ്ങളിലെ ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ച ഒരു മണിമുതല്‍ ആറ് വരെ പ്രവര്‍ത്തിക്കും. ആര്‍.പി കഴിഞ്ഞ് 90 ദിവസം പിന്നിടുകയും, തൊഴിലുടമയുടെ പരാതി നിലനില്‍ക്കുകയും ചെയ്യുന്നയാളിന് മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ യൂണിഫൈഡ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് സേവനം ലഭ്യമാണ്. തൊഴില്‍ വിസയിലെത്തി 90 ദിവസത്തിനുള്ളില്‍ ആര്‍.പി എടുക്കാത്തവരും, തൊഴിലുടമ മാറാന്‍ പരാതിപ്പെടുകയും ചെയ്ത കേസുകളില്‍ ഖത്തറില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്റ്റാറ്റസ് നിയമവിധേയമാക്കിയ ശേഷം, തൊഴില്‍ വകുപ്പില്‍ നിന്നും അംഗീകാരം നേടേണ്ടതാണ്. എന്നാല്‍, ഗ്രേസ് പിരീഡ് പ്രഖ്യാപനത്തിന് മുമ്പായി പരാതി നല്‍കിയ കേസുകള്‍ മാത്രമേ ഇത്തരത്തില്‍  സ്വീകരിക്കുവെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റാഷിദ് പറഞ്ഞു.

നടപടികള്‍ രണ്ട് മിനിറ്റില്‍

ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സേവന കേന്ദ്രങ്ങള്‍ വഴിയും ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്താനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നടപടി ക്രമങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.  പൂരിപ്പിച്ച അപേക്ഷാ ഫോം കേന്ദ്രത്തില്‍ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പരിശോധന പൂര്‍ത്തിയാക്കി, തൊഴില്‍ വിഭാഗത്തിലേക്ക് കൈമാറും. രണ്ട് മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാവും. സാധാരണ കേസുകളില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും. അപേക്ഷാ ഫോറം  ആഭ്യന്തര മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  അനധികൃത താമസക്കാര്‍ക്ക് പാസ്‌പോര്‍ട്ടും, ഓപണ്‍ ട്രാവല്‍ ടിക്കറ്റുമായി ഇത്തരം സേവന കേന്ദ്രത്തിലെത്തിയാല്‍, മുന്ന് മിനിറ്റിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. പിന്നീട്  യാത്ര ഷെഡ്യൂള്‍ ചെയ്ത്  സാധാരണ യാത്രക്കാരെപ്പോലെ നാട്ടിലേക്ക് മടങ്ങാമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബഹ്‌റൈനെ മലര്‍ത്തിയടിച്ച് ഖത്തര്‍; ഫിഫ അറബ് കപ്പിന് വര്‍ണ്ണമനോഹര തുടക്കം

ദോഹ തുറമുഖത്ത് സ്ഥിരം യാത്രാ ടെര്‍മിനല്‍ തുറക്കും