ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ തീരുമാനം. കോവിഡ് മഹാമാരിയുടെ അടിയന്തര സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി അനുവദിക്കുന്നത് നേരത്തെ നിര്‍ത്തിവെച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് അവധി അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് നിയന്ത്രിത രീതിയിലായിരിക്കും വാര്‍ഷിക അനുവദിക്കുക. ഓരോരുത്തര്‍ക്കും ആവശ്യമായ അവധി എടുക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
വാര്‍ഷിക അവധി കൈകാര്യം ചെയ്യുന്നതിന് ലൈന്‍ മാനേജര്‍മാര്‍ അവരവരുടെ ടീമുകളുമായി ബന്ധപ്പെട്ട് പദ്ധതി വികസിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ടീമിലുള്‍പ്പെട്ട എല്ലാവര്‍ക്കും കുറച്ചുദിവസം വാര്‍ഷികാവധി ലഭിക്കാനുള്ള അവസരം ഉറപ്പാക്കണം. ഇതിനായി പ്രാഥമിക ഘട്ടത്തില്‍ ജീവനക്കാരുടെ ഒരു അവധി കാലയളവ് യാത്രാതീയതികള്‍ ഉള്‍പ്പടെ പരമാവധി നാലാഴ്ചയായിരിക്കണം. കഴിഞ്ഞവര്‍ഷം വാര്‍ഷിക അവധി ലഭിക്കാത്തവര്‍ക്കായിരിക്കണം മുന്‍ഗണന. കോവിഡ് ആസ്പത്രികളിലും കോവിഡുമായി ബന്ധപ്പെട്ട സൗകര്യങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്കുമാണ് കഴിഞ്ഞവര്‍ഷം മുതല്‍ അവധി ലഭിക്കാതിരുന്നത്. ഇവര്‍ക്കായിരിക്കണം മുന്‍ഗണന. ഓരോ ടീമിലുമുള്ളവരുടെ വാര്‍ഷികാവധി ഈ വര്‍ഷം മുഴുവനായി ആസൂത്രണം ചെയ്യണം.