in

ഈദിന്റെ മൂന്നുദിവസങ്ങളില്‍ എച്ച്എംസിയില്‍ എമര്‍ജന്‍സി കേസുകളില്‍ കുറവ്‌

ദോഹ: ഈദുല്‍ അദ്ഹയുടെ ആദ്യ മൂന്നു ദിവസങ്ങളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍(എച്ച്എംസി) രജിസ്റ്റര്‍ ചെയ്ത എമര്‍ജന്‍സി കേസുകളുടെ എണ്ണത്തില്‍ കുറവ്. ആംബുലന്‍സ് സര്‍വീസ് കൈകാര്യം ചെയ്ത കേസുകളുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹമദ് ജനറല്‍ ആസ്പത്രി(എച്ച്ജിഎച്ച്), വഖ്‌റ ആസ്പത്രി എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗത്തില്‍ ആകെ 3,191 കേസുകളാണ് കൈകാര്യം ചെയ്തത്. ആംബുലന്‍സ് സര്‍വീസ് 1349 കേസുകള്‍ സ്വീകരിച്ചു. കോവിഡിനെതിരായ പ്രതിരോധ നടപടികളെത്തുടര്‍ന്ന് അടിയന്തരസേവനങ്ങളുടെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ചതിന്റെ ഫലമായിക്കൂടിയാണ് കേസുകളുടെ എണ്ണം കുറഞ്ഞത്. ഹമദ് ജനറല്‍ ആസ്പത്രി, വഖ്‌റ ആസ്പത്രി എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗങ്ങളിലും വിവിധ പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകളിലുമായി ഈദിന്റെ മൂന്നാംദിവസത്തില്‍ സ്വീകരിച്ചത് 1747 കേസുകള്‍. ഈദ് അവധിദിനങ്ങളില്‍ എച്ച്എംസിയില്‍ ഗുരുതരമോ സങ്കീര്‍ണമോ ആയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വളരെ കുറവ് കേസുകള്‍ മാത്രമാണ് ആസ്പത്രിയില്‍ പ്രവേശനം സാധ്യമായത്. ഈദിന്റെ മൂന്നാംദിനത്തില്‍ ഹമദ് ജനറല്‍ ആസ്പത്രിയില്‍ 406 പുരുഷന്‍മാരും 195 വനിതകളും ചികിത്സ തേടി.
ഇതില്‍ പതിനഞ്ച് പേര്‍ക്ക് മാത്രമാണ് ആസ്പത്രിയില്‍ ചികിത്സ ആവശ്യമായിവന്നത്. ഇതില്‍ പതിനൊന്ന് കേസുകള്‍ മെഡിക്കല്‍ പരിചരണം ആവശ്യമായതും നാലെണ്ണം ശസ്ത്രക്രിയ ആവശ്യമായതുമാണ്. അല്‍വഖ്‌റയില്‍ 267 പുരുഷന്‍മാരും 156 വനിതകളും ചികിത്സ തേടി.ഇതില്‍ പന്ത്രണ്ട് പേര്‍ക്കാണ് ആസ്പത്രി ചികിത്സ ആവശ്യമായത്.
ആറു പേര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. പരിക്ക്, ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, റോഡ് അപകടങ്ങള്‍ എന്നിവയെ തുടര്‍ന്നാണ് മിക്കവരും ചികിത്്‌സയ്ക്കായി ആസ്പത്രിയെ സമീപിച്ചത്. രാജ്യത്തെ വിവിധ പീഡിയാട്രിക്(ശിശുരോഗ ചികിത്സാവിഭാഗം) കേന്ദ്രങ്ങളില്‍ ഈദിന്റെ മൂന്നാംദിനമെത്തിയത് 524 കേസുകള്‍. ഭക്ഷ്യ അലര്‍ജി, ന്യുമോണിയ, ദഹന സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കായാണ് മിക്കവരും ചികിത്സ തേടിയത്. ബഹുഭൂരിപക്ഷം കേസുകളും ഗുരുതരമല്ലാത്തതായിരുന്നുവെന്നും എല്ലാവരെയും ചികിത്സയ്ക്കുശേഷം അന്നുതന്നെ വീട്ടിലേക്ക് മടക്കി അയച്ചതായും എച്ച്എംസി പീഡിയാട്രിക് എമര്‍ജന്‍സി സെന്റര്‍(പിഇസി) വ്യക്തമാക്കി. അല്‍സദ്ദിലെ പീഡിയാട്രിക് എമര്‍ജന്‍സി സെന്ററിലാണ് ഏറ്റവുമധികം കേസുകളെത്തിയത്, ഇവിടെ 309 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍റയ്യാനില്‍ 131 കേസുകളും എയര്‍പോര്‍ട്ട് സെന്ററില്‍ 44, അല്‍ദായേനില്‍ 39, അല്‍ശമാലില്‍ ഒരു പീഡിയാട്രിക് എമര്‍ജന്‍സി കേസും കൈകാര്യം ചെയ്തു. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നത് തുടരുന്നതിനാലാണ് പിഇസിയിലെത്തുന്നവരുടെ എണ്ണത്തില്‍ മൂന്നാംദിനത്തില്‍ വര്‍ധനവുണ്ടായതെന്ന് പീഡിയാട്രിക് സെന്റര്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍അംരി പറഞ്ഞു. അല്‍സദ്ദ് പിഇസിയിലെത്തിയ 309 കേസുകളില്‍ ഒന്‍പതെണ്ണം കോവിഡ് സംശയിക്കപ്പെട്ടതിനെത്തുടര്‍ന്ന് ക്വാറന്റൈനിലേക്ക് മാറ്റി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ഗറാഫ സര്‍വീസ് റോഡിന്റെ ഒരുഭാഗം അടച്ചു

ബീച്ചുകളില്‍ നിന്നും 159 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു