in

കാര്‍ഷിക ചന്തകളില്‍ ഫ്രഷ് പച്ചക്കറികള്‍ക്ക് ആവശ്യകതയേറുന്നു

ശൈത്യ കാര്‍ഷിക ചന്തകളില്‍ വിപണനത്തിനായി ഫ്രഷ് പച്ചക്കറികള്‍ കൂടുതലായെത്തിച്ചപ്പോള്‍

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അഞ്ചു ശൈത്യകാല കാര്‍ഷിക ചന്തകളില്‍ ഫ്രഷ് പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ആവശ്യകതയേറുന്നു. രാജ്യത്തെ വിവിധ പ്രാദേശിക ഫാമുകളില്‍നിന്നായി കൂടുതല്‍ ഫ്രഷ് കാര്‍ഷികോത്പന്നങ്ങള്‍ ചന്തകളിലെത്തിച്ചിട്ടുണ്ട്. അല്‍മസ്‌റുഅ, അല്‍ഖോര്‍ അല്‍ദഖീറ, അല്‍വഖ്‌റ, ശമാല്‍, ഷഹാനിയ എന്നിവിടങ്ങളിലെ ശൈത്യകാല കാര്‍ഷിക ചന്തകള്‍ റമദാനിലുടനീളം പ്രതിദിനം പ്രവര്‍ത്തിക്കും. ഇവിടെ പ്രതിദിനം മത്സ്യവില്‍പ്പനയും നടക്കും. റമദാനില്‍ എല്ലാദിവസവും രാത്രി ഏഴര മുതല്‍ അര്‍ധരാത്രിവരെയായിരിക്കും പ്രവര്‍ത്തനം. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് വില്‍പ്പന. ഫാം ഉടമകളും തൊഴിലാളികളും മാസ്‌ക്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ അഞ്ചു ചന്തകളിലും നല്ല അളവിലും ന്യായമായ വിലയിലും ഫ്രഷ് പച്ചക്കറികലും ഇലക്കറികളും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളരി, തക്കാളി, വിവിധതരം വഴുതനങ്ങ, കാപ്‌സികം, വെള്ള സവാള, കോളിഫ്ളവര്‍, ബീറ്റ്‌റൂട്ട്, സെലറി(ഒരിനം പച്ചക്കറി), പാര്‍സ്‌ലെ (ഭക്ഷ്യയോഗ്യമായ ഒരിനംഇല), പുതിനയില, കാബേജ് തുടങ്ങിയവയെല്ലാം ചന്തകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രാദേശിക ഫാമുകള്‍ വര്‍ഷം മുഴുവന്‍ ഉത്പാദിപ്പിക്കുന്നതാണ് ഈ ഉത്പന്നങ്ങള്‍. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് റീട്ടെയില്‍ വില കുറഞ്ഞതായി വില്‍പ്പനക്കാര്‍ ചൂണ്ടിക്കാട്ടി. വലിയ ബോക്‌സ് തക്കാളിക്ക് എട്ടു മുതല്‍ പന്ത്രണ്ട് റിയാലായിരുന്നു വില. കാപ്്‌സികം തരം അനുസരിച്ച് എട്ടു മുതല്‍ 15 റിയാല്‍വരെയാണ് വില. ഒരു ബോക്‌സ് കോളിഫ്‌ളവറിന് 10 റിയാലാണ് വില. സെലറിക്ക് 15 റിയാല്‍. വഴുതനങ്ങക്ക് എട്ടു റിയാല്‍. അഞ്ചു ബണ്ടില്‍ പാര്‍സ്‌ലെക്ക് 10 റിയാല്‍. സായാഹ്ന പ്രവര്‍ത്തന സമയം വില്‍പ്പനക്ക് ഗുണകരമാണെന്ന് ഉപഭോക്താക്കളും ഷോപ്പുടമകളും ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 125ലധികം ഫാമുകള്‍ ഇത്തവണ കാര്‍ഷിക ചന്തകളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നവംബര്‍ പതിനാലിനാണ് ഈ സീസണിലെ ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങിയത്. മൊത്തം പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പ്പനയുടെ 11 ശതമാനത്തിലധികം ശൈത്യകാല കാര്‍ഷിക ചന്തകള്‍ മുഖേനയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി

അബല്‍ഹീരനിലെ രണ്ടു സ്ട്രീറ്റുകള്‍ നവീകരണത്തിനുശേഷം തുറന്നു