
ദോഹ: രാജ്യത്ത് പുതിയ സ്‌കൂളുകളുടെ ആവശ്യകത പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പുതിയ പാനല്‍ രൂപീകരിക്കുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കുന്നതിനും പുതിയ സ്‌കൂളുകളുടെ ആവശ്യകത വിലയിരുത്തുന്നതിനും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായിട്ടായിരിക്കും പാനല്‍ രൂപീകരണം. ഇതുസംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്‌കൂളുകളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പാനല്‍ പരിശോധിക്കുക.
അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. സ്‌കൂളുകളിലെ ജീവനക്കാരുടെ നിയന്ത്രണം സംബന്ധിച്ച 2019 ലെ 32-ാം നമ്പര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ചുമതലകളായിരിക്കും പാനല്‍ നിര്‍വഹിക്കുക. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കല്‍, പുതിയ സ്‌കൂളുകള്‍ അനുവദിക്കുക, വിദ്യാഭ്യാസ വികസനത്തിനുള്ള പദ്ധതികള്‍ നിര്‍ദേശിക്കല്‍, അവയുടെ നടപ്പാക്കല്‍, സ്‌കൂളുകളുടെ ഘടന പരിശോധിക്കല്‍ എന്നിവ പാനലിന്റെ ഉത്തരവാദിത്വമായിരിക്കും. സ്‌കൂള്‍ ജീവനക്കാരുടെ കാര്യങ്ങള്‍ക്കായി പുതിയ കമ്മിറ്റി രൂപീകരണം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നിര്‍ദേശിക്കുകയെന്നതാണ് കമ്മിറ്റിയുടെ ഉത്തരവാദിത്വം.