
ദോഹ: പിറന്ന മണ്ണിലേക്ക് പറക്കാനുള്ള പ്രവാസിയുടെ എല്ലാ ശ്രമങ്ങളെയും തടസ്സപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസ സമൂഹത്തോട് അനീതി കാണിക്കുകയാണെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പ്രവാസി സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളും വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ ഈടാക്കുന്ന ടിക്കറ്റ് നിരക്കേ വാങ്ങാന്‍ പാടുള്ളൂവെന്ന കേരള സര്‍ക്കാരിന്റെ നിബന്ധന പ്രവാസികളുടെ വേഗത്തിലുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ചാര്‍ട്ടേട് വിമാനങ്ങളുടെ പറക്കലിന് ഇതോടെ അറുതിയാവുമെന്ന തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരം വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതെന്നും ഇന്‍കാസ് കുറ്റപ്പെടുത്തി. രണ്ടു ലക്ഷത്തോളം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പ്രവാസിയെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജരായെന്നും പത്ര സമ്മേളനത്തില്‍ വീമ്പിളക്കിയ വിജയന്‍ പതിനായിരത്തില്‍ താഴെ മാത്രം പ്രവാസികള്‍ നാടണഞ്ഞപ്പോള്‍ തന്നെ ക്വാറന്റൈന്‍ സൗകര്യത്തിനുള്ള സൗജന്യം ഒഴിവാക്കി. പത്ര സമ്മേളനങ്ങളില്‍ പൊങ്ങച്ചം പറയുകയും പ്രായോഗിക തലത്തില്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന സമീപനമാണു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നും ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല കുറ്റപ്പെടുത്തി.