
ദോഹ: ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ മുഗിയാനോ(ലാ സ്‌പെസിയ)യിലെ കപ്പല്‍നിര്‍മാണശാല സന്ദര്‍ശിച്ചു. പ്രമുഖ ഇറ്റാലിയന്‍ കപ്പല്‍നിര്‍മാതാക്കളായ ഫിന്‍കാന്റ്യേരിയുടെ കപ്പല്‍നിര്‍മാണ ശാലയാണ് അദ്ദേഹം സന്ദര്‍ശിച്ചത്. അല്‍സുബാറ യുദ്ധക്കപ്പലിന്റെയും മുഷൈരിബ് ഓഫ്‌ഷോര്‍ പട്രോള്‍ കപ്പലിന്റെയും ഉദ്ഘാടന ചടങ്ങിലും ഡെപ്യൂട്ടി പ്രധാനമന്ത്രി പങ്കെടുത്തു. സന്ദര്‍ശന വേളയില്‍ അദ്ദേഹം അല്‍സുബാറ യുദ്ധക്കപ്പലില്‍ പരിശോധന പര്യടനവും ഇറ്റാലിയന്‍ കമ്പനിയുടെ ഫാക്ടറിയില്‍ ഫീല്‍ഡ് ടൂറും നടത്തി. ഖത്തരി അമീരി നേവല്‍ ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍(നേവി) അബ്ദുല്ല ഹസ്സന്‍ അല്‍ സുലൈതി, ഇറ്റലിയിലെ ഖത്തര്‍ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍(നേവി) ഹിലാല്‍ അലി അല്‍മുഹന്നദി, ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ മാലികി അല്‍ ജുഹാനി എന്നിവരും ഖത്തരി സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.