
ദോഹ: ഖത്തറിനെതിരെ അനധികൃത വ്യോമ ഉപരോധം തുടരുന്നതിനിടയിലും 21 രാജ്യങ്ങള്‍ക്ക് അടിയന്തരസഹായമെത്തിക്കാനായതായി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രാലയം വക്താവുമായ ലുലുവ അല്‍ഖാതിര്‍ പറഞ്ഞു. വിദേശ ബന്ധങ്ങള്‍ സംബന്ധിച്ച യൂറോപ്യന്‍ കൗണ്‍സില്‍(ഇസിഎഫ്ആര്‍) സംഘടിപ്പിച്ച വിര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഗള്‍ഫിനു പുറമെ യൂറോപ്യന്‍ ഗള്‍ഫ് ബന്ധങ്ങളുടെ ഭൗമരാഷ്ട്രീയം എന്ന വിഷയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. നിയമവിരുദ്ധ വ്യോമ ഉപരോധം തുടരുമ്പോഴും കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളുടെ പൗരന്മാരെ സ്വദേശങ്ങളില്‍ മടക്കിയെത്തിക്കുന്നതിനും മാനുഷിക, ആരോഗ്യ സഹായങ്ങള്‍ എത്തിക്കുന്നതിനുമുള്ള ഖത്തറിന്റെ ആഗോള ശ്രമങ്ങള്‍ അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. 21 രാജ്യങ്ങളിലേക്കാണ് അടിയന്തര മെഡിക്കല്‍ സഹായം എത്തിച്ചത്. 18ലക്ഷത്തിലധികം യാത്രക്കാരെ ഖത്തര്‍ എയര്‍വേയ്സ് സുരക്ഷിതമായി അവരുടെ സ്വദേശങ്ങളിലെത്തിച്ചു. ഉപരോധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് സംസാരിക്കവെ ഉപരോധം ഒരു നീണ്ട നഷ്ടസാഹചര്യമാണെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞു. സാമ്പത്തികമായി നിലനില്ക്കാന് ഖത്തറിന് കഴിയുമെങ്കിലും, ആശയവിനിമയത്തിന്റെയും സഹകരണത്തിന്റെയും അഭാവം മറ്റ് വിഷയങ്ങളില്‍ പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് ഖത്തര്‍ മനസിലാക്കുന്നുണ്ടെന്ന് അല്‍ഖാതിര്‍ പറഞ്ഞു. മേഖലയില്‍ കുമിഞ്ഞുകൂടിയ പ്രശ്നങ്ങള്‍ക്ക് പ്രാദേശിക ഉടമസ്ഥാവകാശവും സമഗ്രമായ സമീപനവും ആവശ്യമാണ്. ഈ പ്രശ്നങ്ങള്‍ അവയുടെ സ്വഭാവത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത്തരമൊരു നിലപാടാണ് വേണ്ടതെന്നും അല്‍ഖാതിര്‍ പറഞ്ഞു. വിദേശകാര്യ കോമണ്‍വെല്‍ത്ത് ഓഫീസിലെ മിഡില്‍ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള മുന്‍ സഹമന്ത്രി അലിസ്റ്റര്‍ ബര്‍ട്ട്, ഇസിഎഫ്ആര്‍ അംഗങ്ങള്‍ തുടങ്ങിയവരും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.