in

ഖത്തറില്‍ സൗരോര്‍ജ കാര്‍ഷിക ഹരിതഗൃഹം വികസിപ്പിക്കുന്നു

ദോഹ: ഖത്തറില്‍ ഇതാദ്യമായി സൗരോര്‍ജ്ജ കാര്‍ഷിക ഹരിതഗൃഹം വികസിപ്പിക്കുന്നു. ഖത്തര്‍ യൂണിവേഴ്‌സിറ്റിയാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ഇന്‍സുലേറ്റഡ് ഗ്രീന്‍ഹൗസ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഖത്തറിന്റെ സുസ്ഥിര ഭക്ഷ്യസുരക്ഷാ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ് ഈ പദ്ധതി. സൗരോര്‍ജ ഹരിതഗൃഹങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ കൂടുതല്‍ സാമ്പത്തിക, കാര്‍ഷിക വിജയങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസുരക്ഷക്കാണ് രാജ്യം മുന്‍ഗണന നല്‍കുന്നത്. ഹരിതഗൃഹ പച്ചക്കറികളില്‍ 70ശതമാനം സ്വയംപര്യാപ്തത നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടിന്റെയും ദേശീയ മുന്‍ഗണനാ ഗവേഷണ പ്രോഗ്രാമിന്റെയും ധനസഹായത്തോടെയാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി സൗരോര്‍ജ ഹരിതഗൃഹ പദ്ധതി വികസിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് ഹരിതഗൃഹങ്ങള്‍ തണുപ്പിക്കാന്‍ ആവശ്യമായ ഊര്‍ജം കുറക്കുന്നതിലൂടെ ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യകള്‍ നവീകരിക്കുക, കാര്‍ഷിക പദ്ധതികളുടെ ചെലവ് കുറ്ക്കുക, കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക ഗവേഷണ വകുപ്പിന്റെ സഹകരണവുമുണ്ട്. സസ്യങ്ങള്‍ക്ക് നിയന്ത്രിത വളര്‍ച്ചാ അന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തിലാണ് ഹരിതഗൃഹങ്ങളുടെ നിര്‍മാണം.
ചിലയിനം വിളകള്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യുന്നതിനും വിളവ് വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. എങ്കിലും ഖത്തര്‍ പോലെ താപനില വര്‍ധിച്ച മേഖലകളില്‍ ഹരിതഗൃഹങ്ങള്‍ക്ക് ഊര്‍ജോപഭോഗം കൂടുതലാണ്. ഉഷ്ണമേഖലാ, വരണ്ട പ്രദേശങ്ങളില്‍ ഊര്‍ജോപഭോഗത്തിന്റെ ഭൂരിഭാഗവും ശീതീകരണ ആവശ്യങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്.
ആരോഗ്യകരമായ സസ്യവളര്‍ച്ചക്ക് സൂര്യപ്രകാശം ആവശ്യമാണ്. ആവശ്യമായ പരിധിക്കപ്പുറമുള്ള വര്‍ധനവ് ഹരിതഗൃഹ താപനിലയിലെ വര്‍ധനവിന് കാരണമാകും. ഇതു പരിഹരിക്കുന്നതിനാണ് സൗരോര്‍ജ ഹരിതഗൃഹം വികസിപ്പിക്കുന്നത്. പരമ്പരാഗത ഹരിതഗൃഹത്തിന്റെ പോരായ്മകള്‍ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.
വിപുലമായ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുംശേഷമാണ് മുന്‍നിര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ താപ ഇന്‍സുലേറ്റഡ് ഹരിതഗൃഹം വികസിപ്പിക്കുന്നത്. ഹരിതഗൃഹത്തിന്റെ മേല്‍ക്കൂരയിലെ പ്രഷറൈസ്ഡ് ലെന്‍സുകളിലൂടെ സൗരവികിരണം ഉള്ളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കും. ലെന്‍സുകളിലൂടെ പ്രകാശം പ്രവേശിക്കുമ്പോള്‍ ചെടികളിലേക്ക് അവയെത്തപ്പെടുകയും സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ സൗരവികിരണം ലഭിക്കുകയും ചെയ്യും. ദക്ഷിണ ദോഹയിലെ മിഖൈനീസിലെ നബാതി ഫാമില്‍ കഴിഞ്ഞ രണ്ടു വേനല്‍സീസണുകളിലായി ഗ്രീന്‍ഹൗസ് പ്രോട്ടോടൈപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്നുണ്ട്.
വളരെ പ്രതീക്ഷ നല്‍കുന്ന ഫലമാണ് ഇതില്‍നിന്നും ലഭിച്ചിരിക്കുന്നത്. ഈ പ്രോട്ടോടൈപ്പ് ബ്ലൂപ്രിന്റായി ഉപയോഗിച്ച് ഖത്തറിലെ ആദ്യത്തെ കാര്‍ഷിക ഹരിതഗൃഹ മാനദണ്ഡങ്ങള്‍ വികസിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

2022ല്‍ ഖത്തറിലെ 25% പൊതുഗതാഗത ബസുകളും ഇലക്ട്രിക്കാകും

പ്രഥമ കാര്‍ബണ്‍ രഹിത ലോകകപ്പിലേക്ക് ഫാസ്റ്റ് ട്രാക്കില്‍ ഖത്തര്‍