in

ഡിഎഫ്ഐ പിന്തുണയോടെയുള്ള അറബ് ചിത്രങ്ങള്‍ ഉടന്‍ നെറ്റ്ഫ്‌ളിക്‌സില്‍

ഡിഎഫ്‌ഐ പിന്തുണയോടെ നിര്‍മിക്കപ്പെട്ട സോഫിയയില്‍ നിന്നുള്ള ദൃശ്യം

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്ഐ) പിന്തുണയോടെ നിര്‍മിക്കപ്പെട്ടതും നിരൂപക പ്രശംസ നേടിയതുമായ നിരവധി അറബ് സിനിമകള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഉടന്‍ ലഭ്യമാകും. നിരവധി രാജ്യാന്തര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതും അംഗീകാരം നേടിയതുമായ കഫര്‍നാം, സോഫിയ, പാപ്പിച, എ സണ്‍, യു വില്‍ ഡൈ അറ്റ് ട്വന്റി തുടങ്ങിയ സിനിമകളെല്ലാം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും.
ഡിഎഫ്‌ഐ ധനസഹായത്തോടെയാണ് ഈ സിനിമകള്‍ നിര്‍മിക്കപ്പെട്ടത്. ഇവ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാക്കുന്നതോടെ ഖത്തറിലെയും അറബ് മേഖലയിലെയും ആസ്വാദകര്‍ക്ക് പുറമെ വിശാലമായ രാജ്യാന്തര പ്രേക്ഷകര്‍ക്കും ഈ സിനിമകള്‍ ആസ്വദിക്കാനാകും. ചലച്ചിത്ര ആസ്വാദര്‍ക്ക് ഉടന്‍ തന്നെ ഡിഎഫ്ഐ പിന്തുണയുള്ള അറബ് സിനിമകള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് ഡിഎഫ്‌ഐ ട്വീറ്റ് ചെയ്തു. നദൈന്‍ ലബകിയുടെ കഫര്‍നാം സിനിമയ്ക്ക് മികച്ച വിദേശഭാഷാ സിനിമയ്ക്കുള്ള 2019ലെ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിക്കുന്ന ആദ്യത്തെ വനിതാ അറബ് ചലച്ചിത്രപ്രവര്‍ത്തകയാണ് നദൈന്‍ ലബകി. ദോഹ അജ്‌യാല്‍ ചലച്ചിത്രോത്സവത്തിലും കേരളത്തിലെ ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ച കഫര്‍നാം മികച്ച നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടിയെടുത്തിരുന്നു. പന്ത്രണ്ടു വയസ്സുകാരനായ ഒരു ബാലനാണ് കഫര്‍നോം സിനിമയിലെ കേന്ദ്രകഥാപാത്രം. മധ്യവയസ്‌കരായ മാതാപിതാക്കളുടെ മൂത്ത കുട്ടിയാണ് സെയ്ന്‍. അവനു താഴെ ഓരോ വയസ്സിന്റെ വ്യത്യാസത്തില്‍ കുറേ സഹോദരങ്ങള്‍.
വൃത്തിയും വെടിപ്പുമില്ലാത്ത ഫ്‌ളാറ്റിലെ അവരുടെ ജീവിതം തീര്‍ത്തും ദുസ്സഹമാണ്. നല്ല ആഹാരമോ വസ്ത്രങ്ങളോ ലഭിക്കാത്ത അവസ്ഥ. അവരുടെ അതിജീവനത്തിന്റെ പോരാട്ടമാണ് നദീന്‍ ലബകി ഈ സിനിമയിലൂടെ പറയുന്നത്. അഭിനയത്തിനും സംവിധാനത്തിനും ഉള്‍പ്പടെ കാന്‍ ഫെസ്റ്റിവലടക്കം പ്രമുഖമായ എല്ലാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ അംഗീകരിക്കപ്പെടുകയും അവാര്‍ഡിന് അര്‍ഹമാവുകയും ചെയ്തിട്ടുണ്ട്. കാസബ്ലാങ്കയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഗര്‍ഭിണിയായ നായികയുടെ ജീവിതമാണ് മറിയം ബെംബരേഖ് സംവിധാനം ചെയ്ത സോഫിയ എന്ന സിനിമയുടെ പ്രമേയം.
കാന്‍് 2018 ല്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഈ ചിത്രം നേടി. കാനില്‍ അണ്‍ സെര്‍ട്ടൈന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 1990കളെ അള്‍ജീരിയന്‍ സാഹചര്യങ്ങളെ ആസ്പദമാക്കി അള്‍ജീരിയന്‍ മൗനിയ മെദ്ദൂര്‍ ഒരുക്കിയ സിനിമയാണ് പാപ്പിച. മെഹ്ദി ബര്‍സൂയിയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ് അവാര്‍ഡ് നേടിയ ടുണീഷ്യന്‍ ചിത്രം എ സണ്‍. അംജദ് അബു അലാലയുടെ യു വില്‍ ഡൈ ട്വന്റി ഇരുപതാമത്തെ വയസ്സില്‍ മരിക്കുമെന്ന ഡെര്‍വിഷ് പ്രവചനത്താല്‍ ശപിക്കപ്പെട്ട സുഡാനിലെ മുസാമെലിന്റെ ജീവിതത്തെക്കുറിച്ചും, ഒരു പഴയ സിനിമാ പ്രൊജക്ടര്‍ ഒരു ജാലകം തുറക്കുന്നതെങ്ങനെയെന്നും വിശദമായി പരിശോധിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശുക്രന്‍ വെള്ളിയാഴ്ച ഖത്തറിന്റെ ആകാശത്ത്

യുവകലാസാഹിതി ചാര്‍ട്ടേഡ് വിമാനം നാട്ടിലെത്തി