
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്ഐ) ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിഎഫ്ഐയുടെ യുട്യൂബ് ചാനല്‍ മുഖേനയാണ് നിരുപക പ്രശംസയും അംഗീകാരങ്ങളും നേടിയ പ്രമുഖ ഖത്തരി ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് യുട്യൂബ് ചാനല്‍ മുഖേന സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്.
ഏപ്രിലിലാണ് ഈ സംരംഭത്തിനു തുടക്കംകുറിച്ചത്. സിനിമാ പ്രേമികള്‍ക്ക് അവരുടെ സ്വന്തം വീടുകളുടെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുതന്നെ മികച്ച സിനിമകള്‍ കാണാനുള്ള അവസരമാണ് ഡിഎഫ്ഐ ഒരുക്കുന്നത്. ഖത്തരി സിനിമകള്‍ക്കും അറബ് സിനിമകള്‍ക്കും പിന്തുണ നല്‍കുകയെന്നതും ലക്ഷ്യം. കോവിഡ് മഹാമാരിയില്‍ ജനങ്ങളെ വീടുകളില്‍തന്നെ താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ഈ സംരംഭം ലക്ഷ്യമിടുന്നു.
ഖത്തരി ചലച്ചിത്രസംവിധായിക നോറ അല്‍ സുബൈയുടെ അല്ജൊഹറ എന്ന ഹ്രസ്വ ഡോക്യുമെന്ററി യുട്യൂബില്‍ അപ്ലോഡ് ചെയ്താണ് പ്രദര്‍ശന പരമ്പരക്ക് തുടക്കംകുറിച്ചത്. ജാസിം അല്‍ റുമൈഹിയുടെ ആമേര്‍-അറേബ്യന്‍ ഇതിഹാസം, ഖൂലൂദ് അല്‍അലിയുടെ റെഡ്, ഹാമിദ ഇസ്സയുടെ എലിവേറ്റ്, മറിയം അല്ദുബാനിയുടെ ഇന്‍ ദി മിഡില്‍, അബ്ദുല്‍ അസീസ് മുഹമ്മദ് ഖഷാബിയുടെ ദി അണ്‍ലക്കി ഹാംസ്റ്റര്‍, നൗഫ് അല്‍സുലൈത്തിയുടെ ഗബ്ഗബ്, മുഹമ്മദ് അല്‍ ഇബ്രാഹിമിന്റെ മുത്തുകളുടെ നാട്, അമാല്‍ അല്‍മുഫ്തയുടെ സ്മിച്ച എന്നീ ഹ്രസ്വചിത്രങ്ങള്‍ ഇതിനോടകം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ഈ വാരാന്ത്യത്തില്‍ എ.ജെ. അല്‍താനിയുടെ കഷ്ത എന്ന ഹ്രസ്വചിത്രമാണ് ഡിഎഫ്ഐയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്. സെക്രീത്തിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ സിനിമയാണ് കഷ്ത.
അസാധാരണമായ പാറക്കെട്ടുകളും പരുക്കന്‍ റോഡുകളുമുള്ള ശാന്തമായ ഖത്തരി മരുഭൂമിയുടെ ഭൂപ്രകൃതിയില്‍ ഒരു മനുഷ്യന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും വേട്ടയാടല്‍ ട്രിപ്പാണ് സിനിമയുടെ പ്രമേയം. എ.ജെ. അല്‍താനിയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന നിരാശ നിരുപദ്രവകരമായ പോരാട്ടത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്നതാണ് സിനിമയുടെ ആഖ്യാനം. സ്റ്റാര്‍വാര്‍സ്, മരുഭൂമിയില്‍ ചിത്രീകരിച്ച സിനിമകള്‍ എന്നിവയെല്ലാം കണ്ടുവളര്‍ന്നതാണ് ഇത്തരമൊരു സിനിമയെടുക്കാന്‍ പ്രചോദനമായതെന്ന് എ.ജെ. അല്‍താനി പറഞ്ഞു. ഡിഎഫ്ഐയുടെ ഖത്തരി ഫിലിം ഫണ്ടിന്റെ സഹായത്തോടെയായിരുന്നു സിനിമയുടെ നിര്‍മാണം. കഷ്ത സിനിമക്കായി ഗ്രാന്റ് ലഭിച്ചത് വലിയ നാഴികക്കല്ലായിരുന്നു. ആദ്യമായി ഒരു പ്രൊഫഷണല്‍ ക്രൂവിനൊപ്പം പ്രവര്‍ത്തിച്ചു. ശരിക്കും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുപോയി, ജോലി ചെയ്തു. ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചതും മികച്ച അനുഭവമായി- എ.ജെ. അല്‍താനി പറഞ്ഞു. 2016ല്‍ അജ് യാല്‍ ഫിലിംഫെസ്റ്റിവലിലായിരുന്നു കഷ്തയുടെ ആദ്യ പ്രദര്‍ശനം. അന്താരാഷ്ട്രതലത്തില്‍ നിരവധി ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ചു.