
ദോഹ:കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്‌കൂളുകള്‍ താല്‍ക്കാലികമായി അടക്കുകയും മിക്ക സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് വെട്ടിക്കുറക്കണമെന്ന ആവശ്യം രക്ഷിതാക്കളില്‍ നിന്നും ഉയരുന്നതായി സര്‍വേ. ഇതുമായി ബന്ധപ്പെട്ട് ‘ദി പെനിന്‍സുല’ ഇംഗ്ലീഷ് ഓണ്‍ലൈന്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും സ്‌കൂള്‍ ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടു. 14,700 പേര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തു. സ്‌കൂളുകള്‍ അടച്ചതിനാല്‍ കുട്ടികള്‍ വീടുകളിലിരുന്ന് പഠിക്കുന്ന സാഹചര്യത്തില്ഡ ഈ സെമസ്റ്ററിലെ സ്‌കൂള്‍ ഫീസ് കുറക്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു സര്‍വേയിലെ ചോദ്യം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 83ശതമാനം പേരും സ്‌കൂള്‍ ഫീസ് കുറക്കണമെന്ന ആശയത്തെ പിന്തുണച്ചപ്പോള്‍ 17 ശതമാനം പേര്‍ ഇതിനോടു വിയോജിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി രക്ഷിതാക്കള്‍ സമീപിച്ച സാഹചര്യത്തില്‍ അവരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയതെന്ന് ദി പെനിന്‍സുല വ്യക്തമാക്കി. സര്‍വേയില്‍ നിരവധിപേര്‍ പങ്കെടുത്തുവെന്നതിനു പുറമെ 720ഓളം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സര്‍വേയെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. 315 പേര്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഈ അഭിപ്രായസര്‍വേ ഷെയര്‍ ചെയ്യുകയും ചെയ്തു. നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകളുടെ ഫീസ് ഘടനയില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ചില രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.വിദ്യാര്‍ഥികള്‍ക്ക് സേവനം ലഭ്യമാകാത്ത സന്ദര്‍ഭത്തില്‍ സ്‌കൂളുകള്‍ ഗതാഗത ഫീസ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ എല്ലാ ചെലവുകളും കുറക്കപ്പെട്ട സാഹചര്യത്തില്‍ ഫീസ് കുറക്കണം. ഇപ്പോള്‍ ഗതാഗതമില്ല, സ്‌റ്റേഷനറി ഉപയോഗമില്ല. വൈദ്യുതി ജല ഉപഭോഗമില്ല, പ്രിന്ററുകളുടെ ഉപയോഗമില്ല, സ്‌കൂളിന്റെ പ്രവര്‍ത്തന ചാര്‍ജുകളൊന്നുമില്ലാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ ഫീസും കുറക്കണം- സര്‍വേയില്‍ പങ്കെടുത്ത ഒരു രക്ഷിതാവ് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കമ്പ്യൂട്ടറുകളും പ്രിന്ററുകളും വാങ്ങുന്നതിനുള്ള അധിക ചെലവുകള്‍ പ്രയാസം സൃഷ്ടിക്കുന്നതായും മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നു. ഒന്നില്‍ കൂടുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ളവരാണെങ്കില്‍ ഒരേസമയം നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ കാരണം അവരുടെ കുട്ടികള്‍ക്കായി ഒന്നിലധികം കമ്പ്യൂട്ടറുകള്‍ വാങ്ങേണ്ടി വന്നതായും ചൂണ്ടിക്കാണിക്കുന്നു. അതേസമയം സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടയുള്ളവര്‍ സര്‍വേയെ വിമര്‍ശിച്ചു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു സര്‍വേ നടത്തിയതില്‍ നിരാശയുണ്ടെന്ന് ഒരാള്‍ പ്രതികരിച്ചു. സ്‌കൂള്‍ ഫീസ് കുറക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തവര്‍ കരുതുന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കാരണം സ്‌കൂളുകളുടെ പ്രവര്‍ത്തനച്ചെലവ് കുറഞ്ഞിട്ടുണ്ടെന്നാണ്. കുട്ടികള്‍ക്കായി കമ്പ്യൂട്ടറുകളും പ്രിന്ററുകളും വാങ്ങുന്നതിന് ധാരാളം തുക ചെലവഴിച്ചുവെന്നതിനാല്‍ ഈ കുറവ് രക്ഷിതാക്കള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നാണ് അവരുടെ അവകാശവാദം. ഈ സമയത്ത് ഗതാഗത ഫീസ് ഈടാക്കുന്നത് യുക്തിരഹിതവും അന്യായവുമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു.സ്‌കൂള്‍ ഫീസ് കുറക്കുന്നത് വിദൂര പഠന സംവിധാനത്തില്‍ മികച്ച രീതിയില്‍ ജോലിചെയ്യുന്ന അധ്യാപകരെ ബാധിക്കുമെന്ന് വിയോജിപ്പുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂള്‍ ഫീസ് കുറക്കുന്നത് അധ്യാപകരുടെയും മറ്റ് അനധ്യാപക ജീവനക്കാരുടെയും വേതനം വെട്ടിക്കുറക്കാന്‍ സ്‌കൂളുകളെ പ്രേരിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. സ്‌കൂള്‍ ഫീസ് കുറയ്ക്കുന്നതിനുള്ള ആശയത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മറിച്ചൊരു അഭിപ്രായമാണുള്ളത്. അധ്യാപകര്‍ വെര്‍ച്വല്‍ ക്ലാസുകള്‍ക്ക് വേണ്ടത്ര പരിശീലനം നേടിയിട്ടില്ലെന്നും മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ പഠന ഭാരം വീട്ടില്‍ തന്നെ വഹിക്കുന്നുണ്ടെന്നും അതിനാല്‍ സ്‌കൂള്‍ ഫീസില്‍ ചില ഇളവുകള്‍ തേടുന്നത് അനീതിയല്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
അധ്യാപകരുടെ വേതനം വെട്ടിക്കുറക്കുന്നതിനു പകരം ലാഭത്തില്‍ നിന്ന് സ്‌കൂള്‍ ഫീസ് കുറക്കുന്നതിന്റെ ഭാരം പങ്കിടാന്‍ സ്വകാര്യസ്‌കൂള്‍ ഉടമകള്‍ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം തടയാന്‍ ഖത്തര്‍ സ്വീകരിച്ച വിപുലമായ നടപടികളിലൊന്നായിരുന്നു സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ അടക്കാനുള്ള തീരുമാനം. വിര്‍ച്വല്‍ സംവിധാനം ഉപയോഗപ്പെടുത്തി വിദൂരാടിസ്ഥാനത്തില്‍ പഠനം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയം സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.