ദോഹ: ഖത്തറിൽ നിന്ന് ജയിൽ മോചിതനായ ദിവേഷ് കൊടപ്പനയ്ക്കലെത്തി, നേരിൽ നന്ദി പറയാൻ. ഖത്തറിൽ ജയിലിൽ കഴിയുകയായിരുന്ന വലമ്പൂർ മുള്ള്യാകുർശി സ്വദേശി കളപ്പാറ വീട്ടിൽ ദിവേഷ്‌ലാൽ (32) കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മോചനം വഴി മുട്ടി നിന്നപ്പോൾ ആശ്വാസവുമായി മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും സുമനസ്സുകളും ഒത്തുചേർന്നതിന്റെ ഫലമായിരുന്നു ദിവേഷിന്റെ മടക്കം. തന്നെ കാത്തിരിക്കുന്ന ഒന്നര വയസ്സുകാരി തക്ഷവിയെയും ഭാര്യയെയും അടുത്ത ബന്ധുക്കളെയും കണ്ട് ആഹ്ലാദം പങ്കിട്ട ശേഷം മുനവ്വർ അലി തങ്ങൾക്കും കുടുംബത്തിനും നന്ദി പറയാനായി ദിവേഷ് ലാലും കുടുംബവും കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്ത് എത്തുകയായിരുന്നു.
ഭാര്യ നീതുവും രക്ഷിതാക്കളായ കുഞ്ഞിനാമുവും ശാന്തമ്മക്കുമൊപ്പം കൂട്ടുകാരും നാട്ടുകാരും സഹായസമിതി ഭാരവാഹികളും കൂടെയുണ്ടായിരുന്നു.
ഖത്തറിൽ നിർത്തിയിട്ട വാഹനം മുന്നോട്ടുനീങ്ങി ഈജിപ്ത് സ്വദേശി മരിച്ച സംഭവത്തിലാണ് ദിവേഷ്‌ലാൽ ജയിലിൽ കഴിയേണ്ടി വന്നത്. ഖത്തർ സർക്കാർ മരണപ്പെട്ട ആളുടെ കുടുംബത്തിന് ദയാധനമായി നിശ്ചയിച്ച 46 ലക്ഷം രൂപ (2,03,000 ഖത്തർ റിയാൽ) നൽകാനാവാതെ പ്രതിസന്ധിയിലായ കുടുംബത്തിനാണ് പല പ്രവാസികളുടേയും കെഎംസിസി നേതൃത്വത്തിലും മലയാളീ സമൂഹം പിന്തുണ നൽകി കൂടെ നിന്നത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൂടി ആയതോടെ ദിവേഷ്‌ലാലിന്റെ മോചനം വേഗത്തിലായി. നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്ന ദിവേഷ് കടം കയറിയപ്പോഴാണ് ജീവിത വഴിതേടി ഖത്തറിൽ എത്തിയത്. ജനുവരി 13ന് മകളുടെ ഒന്നാം പിറന്നാളിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആണ് അപകടം.
ഡ്രൈവറായ ദിവേഷ്‌ലാൽ തന്റെ വാഹനം റോഡിൽ നിർത്തി കടയിലേക്ക് പോയ നേരം വാഹനം തനിയെ നിരങ്ങിനീങ്ങിയാണ് ഈജിപ്ത് സ്വദേശി അപകടത്തിൽപെട്ടത്. നാട്ടുകാർ മോചനത്തിന് വഴിതേടി സഹായ സമിതി രൂപീകരിച്ചു. 10 ലക്ഷം രൂപ കുടുംബാംഗങ്ങൾ സ്വരൂപിച്ചു. 16 ലക്ഷം രൂപ ഒരു പ്രവാസി വ്യവസായി നൽകി.4-ലക്ഷം രൂപ ഖത്തർ കെഎംസിസിയും 6 ലക്ഷം രൂപ ദിവേഷ്‌ലാലിന്റെ മോചനത്തിനായി രൂപീകരിച്ച ഖത്തറിലെ പ്രാദേശിക കമ്മിറ്റിയും സ്വരൂപിച്ചു. ബാക്കി 10 ലക്ഷം രൂപ ചോദ്യചിഹ്‌നമായതോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സഹായ അഭ്യർഥനയുമായി രംഗത്തെത്തി. തുടർന്ന് 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിക്കാനായി.
പണം ഖത്തർ അധികൃതർക്ക് നിയമപ്രകാരം കൈമാറിയതോടെ മോചന വഴി തുറന്നു. കെഎംസിസിയുടെ നേതൃത്വത്തിലാണ് ദിവേഷ്‌ലാലിനെ നാട്ടിലെത്തിച്ചത്. വിമാനമിറങ്ങിയ ഉടൻ പാണക്കാട്ടെത്തി നന്ദി അറിയിച്ച ശേഷമാണ് ദിവേഷും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ വന്നിറങ്ങിയ ദിവേഷിനെ സുഹൃത്തുക്കളും കുടുംബ അംഗങ്ങളും സ്വീകരിച്ചു.