in ,

അംഗീകൃത വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല

  • പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ജൂലൈ 12 മുതല്‍ പ്രാബല്യത്തില്‍
  • ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കും

ദോഹ: മലയാളികള്‍ ഉള്‍പ്പടെ പ്രവാസികള്‍ക്ക് ആശ്വാസകരമായി ഖത്തര്‍ യാത്രാനിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അംഗീകൃത കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട. കൂടാതെ ഖത്തര്‍ ഉള്‍പ്പടെയുള്ള ജിസിസി രാജ്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ കോവിഡ് രോഗമുക്തരാകുകയും അംഗീകൃത വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കുകയും ചെയ്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി. ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കായും കുടുംബ സന്ദര്‍ശനങ്ങള്‍ക്കായും വിസ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗുണകരമാണ് പുതിയ തീരുമാനം. നിലവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഇന്ത്യ ഉള്‍പ്പടെ അപകടസാധ്യതാ പട്ടിയിലുള്ള(റെഡ് കണ്‍ട്രീസ്) രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പത്തുദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. വന്‍തുകയാണ് ഈയിനത്തില്‍ പ്രവാസികള്‍ക്ക് ചെലവാകുന്നത്. ഖത്തറില്‍ വാക്‌സിന്‍ രണ്ടു ഡോസുമെടുത്തവര്‍ക്കും ഒന്‍പത് മാസത്തിനിടെ ഖത്തറില്‍വെച്ച് രോഗം വന്നുപോയവരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുമായവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നത് ഖത്തറില്‍നിന്നുമെത്തി സാമ്പത്തികപ്രയാസത്തില്‍ തിരിച്ചുപോകാനാകാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമാകും. സ്വദേശികള്‍ റസിഡന്റ്‌സ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ഇളവ് ലഭിക്കുക. ഇങ്ങനെ തിരിച്ചെത്തുന്നവര്‍ ഖത്തറിലെത്തുമ്പോഴും കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഹമദ് വിമാനത്താവളത്തില്‍ ഇതിനുള്ള സൗകര്യമുണ്ടാകും. 300 റിയാലാണ് ഫീസ്.ജൂലൈ 12 മുതല്‍ തീരുമാനം പ്രാബല്യത്തിലാകും.

നിലവില്‍ ഖത്തര്‍ തൊഴില്‍ വിസയും ഫാമിലി വിസയും അനുവദിക്കുന്നുണ്ട്. ഇതിനു പുറമെ കുടുംബ സന്ദര്‍ശകര്‍, ബിസിനസ്, വിനോദ സഞ്ചാരികള്‍ക്കും വിസ അനുവദിക്കും. ഇവരും ഖത്തര്‍ അംഗീകൃത വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി പതിനാല് ദിവസം പിന്നിട്ടാല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കപ്പെടും. വിസിറ്റ് വിസകള്‍ ഖത്തര്‍ അനുവദിക്കുമെങ്കിലും വാക്‌സിനെടുത്തിട്ടില്ലാത്ത സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശനമുണ്ടാകില്ല. ഫൈസര്‍ ബയോടെക്, മൊഡേണ, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. കൂടാതെ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരമുണ്ട്. ഈ രണ്ടു വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ ആന്റിബോഡി പരിശോധനക്ക് വിധേയരാകണം. ഭാഗികമായി വാക്‌സിനെടുത്തവര്‍ അതായത് ഒരുഡോസ് മാത്രമെടുത്തവര്‍, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി പതിനാല് ദിവസം പിന്നിട്ടിട്ടില്ലാത്തവര്‍, ഖത്തറില്‍ അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചവര്‍(ഇന്ത്യയിലെ കോവാക്‌സിന് ഖത്തറില്‍ അംഗീകാരമില്ല), ജിസിസി ഒഴികെയുള്ള രാജ്യങ്ങളില്‍വെച്ച് ഒന്‍പത് മാസത്തിനിടെ കോവിഡ് വന്നുപോയവര്‍ എന്നിവര്‍ ക്വാറന്റൈനിലേക്ക് പോകണം. അതേസമയം ഇത്തരക്കാര്‍ക്ക് അപകടാസാധ്യത പട്ടികക്ക് അനുസരിച്ച് വ്യത്യസ്ത ക്വാറന്റൈനായിരിക്കും. ഇന്ത്യ ഉള്‍പ്പടെ റെഡ് രാജ്യങ്ങളുടെ പട്ടികയില്‍പ്പെട്ട സ്ഥലങ്ങളില്‍നിന്നും വരുന്ന ഗര്‍ഭണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 75 വയസിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കും പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. യെല്ലോ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ചുദിവസം ഹോം ക്വാറന്റൈന്‍ മതിയാകും. പതിനൊന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ക്കുള്ള അതേ വ്യവസ്ഥയായിരിക്കും. രക്ഷിതാക്കള്‍ വാക്‌സിനെടുത്തിട്ടുണ്ടെങ്കില്‍ കുട്ടികളെയും വാക്‌സിനെടുത്തതായി കണക്കാക്കും. 12നും പതിനേഴ് വയസിനുമിടയില്‍ പ്രായമുള്ളവര്‍ വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പൂര്‍ണമായും വാക്‌സിനെടുത്ത രക്ഷിതാക്കളുടെ കൂടെയാണ് ഇവര്‍ വരുന്നതെങ്കിലും വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

ഇഹ്‌തെരാസ് ആപ്പില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ദോഹ: എല്ലാ യാത്രക്കാരും യാത്രക്ക് 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് ആര്‍ടിപിസിആര്‍ കരുതണം. എല്ലാവരും യാത്രക്ക് 12 മണിക്കൂര്‍ മുന്‍പ് ഇഹ്‌തെരാസ് മുഖേന രജിസ്റ്റര്‍ ചെയ്യണം. യാത്രക്ക് മുന്‍പായി ഇഹ്‌തെരാസ് ആപ്പില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിന്റെ സ്‌ക്രീനില്‍ മുകള്‍ഭാഗത്താണ് പുതിയ പ്രീ രജിസ്‌ട്രേഷന്‍ സിസ്റ്റം. ഇതുള്‍പ്പെടുത്തി ഇഹ്‌തെരാസ് ആപ്പ് നവീകരിച്ചിട്ടുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ ഖത്തറിലേക്കുള്ള യാത്രക്കാരുടെ യാത്രാനടപടികള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. ആപ്പില്‍ ക്രമീകരിച്ചിരിക്കുന്ന സംവിധാനത്തില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ മുന്‍കൂറായി നിര്‍വഹിക്കാം. പേര്, യാത്രാ, ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ എന്നിവ രജിസ്‌ട്രേഷനായി നല്‍കണം. ബന്ധപ്പെട്ട എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുകയും വേണം. മുന്‍കൂര്‍ രജിസ്‌ട്രേഷനിലൂടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനൊപ്പം തിരക്കും സമയനഷ്ടവും ഒഴിവാക്കാനും സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അനധികൃത വിസ കച്ചവടത്തിനെതിരെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

ഓട്ടിസം; നിയാർക് ഖത്തർ ചാപ്റ്റർ വെബിനാർ ഇന്ന്