
ദോഹ: ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍ ഇവ വാഹനങ്ങളില്‍ ദീര്‍ഘനേരം സൂക്ഷിക്കുന്നത് അപകടത്തിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്. വളരെ കൂടിയ താപനിലയില്‍ ഇവ വാഹനത്തിനകത്ത് സൂക്ഷിക്കുന്നത് അഗ്നിബാധക്കിടയാക്കും.
ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പാലിക്കണം. ഗതാഗത ബോധവത്കരണ വകുപ്പാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പവര്‍ സോക്കറ്റ് ഓവര്‍ ലോഡ് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എക്സ്റ്റന്‍ഷനിലോ പവര്‍ സോക്കറ്റിലോ കൂടുതല്‍ ഉപകരണങ്ങള്‍ ഒരുമിച്ച് പ്ലഗ് ഇന്‍ ചെയ്യരുത്. ഇതിലൂടെ സോക്കറ്റ് അമിതമായി ചൂടാകാന്‍ സാധ്യതയുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി അനിവാര്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വീടുകളില്‍തന്നെ ഇരിക്കണമെന്നുമാണ നിര്‍ദേശം. സര്‍ക്കാര്‍, സ്വകാര്യ മേഖലകൡ 80ശതമാനം ജീവനക്കാരും വര്‍ക്ക് അറ്റ് ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ഇതിന്റെ ഫലമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിക്കാനിടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ക്കൂടിയാണ് പവര്സോക്കറ്റുകളുടെ അമിതോപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.