in ,

ഖത്തറിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ജാഗ്രതൈ; സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിച്ചുമാത്രമാവട്ടെ

പുതിയ നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ 

ദോഹ: ഖത്തറിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യവിദഗ്ദ്ധരോട് പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ശ്രദ്ധിച്ചുമാത്രമാവട്ടെ. രാജ്യത്തെ ഡോക്ടര്‍മാര്‍, ആശുപത്രികള്‍ എന്നിവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ സമൂഹമാധ്യമ ഉപയോഗം വിലക്കുന്നില്ലെങ്കിലും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്.

ഡോക്ടര്‍മാര്‍ക്കും, ക്ലിനിക്കുകള്‍ക്കും ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട അവശ്യ കാര്യങ്ങള്‍ പങ്കുവെക്കാം. അവരുടെ പ്രവര്‍ത്തന മേഖലയിലെ വിശേഷങ്ങളും അറിയിക്കാം.  എന്നാല്‍, ഖത്തറില്‍ നിരോധിക്കപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളോ, മറ്റോ സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെക്കാന്‍ പാടുള്ളതല്ല.  മാത്രമല്ല രോഗികളുടെ വിവരങ്ങള്‍ പരസ്യമാക്കാന്‍  പാടില്ല. നോണ്‍ മെഡിക്കല്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യവും ശക്തമായി വിലക്കുന്നുണ്ട്.

അടിയന്തര പ്രാധാന്യത്തോടെ പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വന്നതായി മന്ത്രാലയം വ്യക്തമാക്കി. ഡോക്ടര്‍മാര്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ വസ്തുനിഷ്ഠവും കൃത്യതയുമുള്ളതായിരിക്കണമെന്നത് പരിഗണിച്ചാണ് മന്ത്രാലയം പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തക്കയച്ച മെമ്മോയിലൂടെ ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഈ നിര്‍ദ്ദേശങ്ങളും നിബന്ധനകളും നടപ്പിലാക്കാത്തവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കുമെന്നും മെമ്മോ വിശദീകരിക്കുന്നുണ്ട്.

പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

1- ഇസ്ലാമിക സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഹനിക്കും വിധമുള്ള ചിത്രങ്ങള്‍, വീഡിയോ, മറ്റ് എഴുത്തുകള്‍ എന്നിവയുള്ള പരസ്യങ്ങള്‍ പങ്കുവെക്കാന്‍ പാടില്ല.

2- ഒരിക്കലും മെഡിക്കല്‍ പ്രഫഷന്റെ അന്തസ്സും ധാര്‍മികതയും ലംഘിക്കുന്ന വിധത്തിലുള്ള ഒരു പോസ്റ്റും പങ്കുവെക്കരുത്.

3-ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ സാമൂഹിക മാധ്യമ എക്കൗണ്ടുകളില്‍ അവരുടെ ലൈസന്‍സ്, വൈദഗ്ദ്ധ്യം, അക്കാദമിക് യോഗ്യത, രജിസ്‌ട്രേഷന്‍ എന്നീ വിവരങ്ങള്‍ വ്യക്തമാക്കേണ്ടതാണ്.

4- ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ രേഖപ്പടുത്തല്‍ ആവശ്യമാണ്. ഏത് തരം ലൈസന്‍സാണെന്നും വ്യക്തമാക്കണം. സ്ഥിരമാണെന്നോ താത്കാലികമാണെന്നോ തിരിച്ചറിയണം.

5- മന്ത്രാലയത്തിന്റേതോ  ബന്ധപ്പെട്ട വകുപ്പിന്റേതോ  അംഗീകാരമോ അനുമതിയോ ഉള്ള സേവനങ്ങളും ഉല്‍പന്നങ്ങളും മാത്രമേ പരസ്യപ്പെടുത്താന്‍ പാടുളളൂ. അതേസമയം, മെഡിക്കല്‍ ഇതര സേവനങ്ങള്‍ തീരെ പരസ്യപ്പെടുത്താനോ പങ്കുവെക്കാനോ പാടില്ല.

6- വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള മരുന്ന്, മറ്റ് മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പ്രചാരണം നല്‍കാന്‍ പാടില്ല.

7-ഡോക്ടറുടെയോ ക്ലിനിക്കിന്റെയോ സൗകര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിനായി രോഗിയുടെ ചികിത്സാ സമയത്തെ  വീഡിയോ ഷൂട്ട് ചെയ്ത് കാണിക്കുകയോ, അല്ലെങ്കില്‍ ചികിത്സാ സന്ദര്‍ഭത്തിന്റെ ലൈവ് വീഡിയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.

8-അംഗീകൃത മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ വെളിപ്പെടുത്താവൂ. അംഗീകൃത മരുന്നുകള്‍, ചികിത്സാ രീതികളും മാത്രം പ്രസിദ്ധപ്പെടുത്താം.

9-സാമൂഹിക മാധ്യമങ്ങള്‍ വഴി ആരോഗ്യപരിശോധന പാടില്ല.

10- ഖത്തറിന്റെ കോപ്പിറൈറ്റ് നിയമവും നിബന്ധനകളും ബഹുമാനിക്കേണ്ടതാണ്.

11-പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ ബന്ധപ്പെട്ട വകുപ്പിന്റെ മെഡിക്കല്‍ ഡയരക്ടര്‍, പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ എന്നിവരുടെ അനുമതി വേണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; കുട്ടികള്‍ക്ക് മാളില്‍ പ്രവേശിക്കാം

ഖത്തറില്‍ പുതിയ നിയമമന്ത്രി; അമീറിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു