
ദോഹ: ദോഹ കേന്ദ്രവികസന- സൗന്ദര്യവത്കരണ പദ്ധതിയില്‍ ദോഹ കോര്‍ണീഷിന്റെ വികസനവും ഉള്‍പ്പെടുന്നു. സൈക്ലിങ് പാതയും ജോഗിങ് പാതയും ഉള്‍പ്പെടുത്തി കോര്‍ണീഷ് നടപ്പാതയും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുമെന്ന് അശ്ഗാലിലെ ദോഹ കോര്‍ണീഷ് വികസനത്തിന്റെ ചുമതലയുള്ള പ്രൊജക്റ്റ് മാനേജര്‍ എന്‍ജിനിയര്‍ ഹസ്സന് അല്‍ഗാനിം പറഞ്ഞു.
എയര്‍പോര്‍ട്ട് റോഡിലെയും റാസ് അബൗദിലെയും ട്രാക്കുകളുമായി കോര്‍ണീഷ് നടപ്പാതയെ ബന്ധിപ്പിക്കും. അല്‍ദഫ്ന, കോര്‍ണീഷ്, അല്‍ബിദാ തുരങ്കങ്ങള്‍ എന്നിങ്ങനെ മൂന്ന് കാല്‍നട തുരങ്കങ്ങളുടെ നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഈ തുരങ്കങ്ങള്‍ കാല്‍നട ഗതാഗതം വര്‍ദ്ധിപ്പിക്കാനും യാത്രക്കാരെ സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. കോര്‍ണീഷ്, അല്‍ദഫ്ന, അല്‍ബിദ പ്ലാസകളും നിര്‍മിക്കും. കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനായി തുറന്ന ഇടങ്ങള്‍ ക്രമീകരിക്കുകയാണ് പ്ലാസകളുടെ നിര്‍മാണത്തിലൂടെ വിഭാവനം ചെയ്യുന്നത്. ഖത്തര്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി അവരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥലം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭം നടപ്പാക്കും. ഖത്തര്‍ മ്യൂസിയംസ്, കായിക സാംസ്കാരിക മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണിത്. ആദ്യഘട്ടമെന്ന നിലയില്‍ ദോഹ സെന്‍ട്രല്‍ ഏരിയയിലെ എട്ട് സ്ഥലങ്ങള്‍ കലാസൃഷ്ടി നടപ്പാക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് സൂപ്പര്‍വൈസറി കമ്മിറ്റി അംഗം എന്‍ജിനീയര്‍ ഫാത്തിമ അല്‍സാറ പറഞ്ഞു.
ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ്, സൂഖ് ഏരിയ, അല്‍മീന സ്ട്രീറ്റ് ഇന്റര്സെക്ഷന്, അബ്ദുല്ല ബിന്‍ താനി സ്ട്രീറ്റ്, അല്മിര്ഖബ് ഏരിയ, അല്നജദ ഏരിയ, ഗ്രാന്‍ഡ് ഹമദ് ഇന്റര്സെക്ഷന്, അല്‍റിഫ ഏരിയ എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളില്‍ കലാസൃഷ്ടികള്‍ 2022ന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാകും. കോര്‍ണീഷിലെ കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങളും നവീകരിക്കുന്നുണ്ട്. പ്രദേശത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാട് നിറവേറ്റുന്നതിനായി വാസ്തുവിദ്യാ കെട്ടിടങ്ങളുടെ പരിഷ്ക്കരണവും ഭംഗിയാക്കല് പദ്ധതികളും നടപ്പാക്കും. ഇതിന്റെ ഭാഗമായി സൂഖിലും മ്യൂസിയം സ്ട്രീറ്റിലും രൂപകല്‍പ്പനയും നടപ്പാക്കലും തുടങ്ങിയതായി അശ്ഗാലിലെ കെട്ടിട പദ്ധതി വകുപ്പിലെ എന്‍ജിനിയര്‍ അഹമ്മദ് അബ്ദുല്ല അല്മഹ്മീദ് പറഞ്ഞു. ഈ രണ്ടിടങ്ങളിലെയും 55 കെട്ടിടങ്ങളുടെ മുന്ഭാഗങ്ങള് നവീകരിക്കും. 2021ന്റെ രണ്ടാംപാദത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.