in

ദോഹ ഡയമണ്ട് ലീഗ് 25ന്; 27 ഒളിമ്പിക്, ലോക മെഡല്‍ ജേതാക്കള്‍ മത്സരിക്കും

ദോഹ: സെപ്തംബര്‍ 25ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പുകളിലെ 27 മെഡല്‍ ജേതാക്കള്‍ മത്സരിക്കും. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ 25നു വൈകുന്നേരം മുതലാണ് മത്സരങ്ങള്‍. 2016ലെ റിയോ ഒളിമ്പിക്‌സിലെ മെഡല്‍ജേതാക്കളായ പത്തു താരങ്ങളും ലോകചാമ്പ്യന്‍ഷിപ്പിലെ പതിനേഴ് മെഡല്‍ ജേതാക്കളുമാണ് ദോഹയില്‍ മത്സരിക്കാനെത്തുന്നത്. പുരുഷന്‍മാരുടെ പോള്‍വോള്‍ട്ട്, 1500 മീറ്റര്‍, വനിതകളുടെ 100 മീറ്റര്‍, 3000 മീറ്റര്‍ എന്നിവയുള്‍പ്പടെ പതിനൊന്ന് ഡയമണ്ട് ലീഗ് മത്സരങ്ങളാണ് ദോഹയില്‍ നടക്കുക. ഇതിനു പുറമെ ലീഗില്‍ പരിഗണിക്കാത്ത അഞ്ചു മത്സരങ്ങളുമുണ്ടാകും. പുരുഷന്‍മാരുടെ പോള്‍വോള്‍ട്ടില്‍ ലോകറെക്കോര്‍ഡ് ജേതാവ് സ്വീഡന്റെ മോണ്ടോ ഡ്യുപ്ലന്റിസ് മത്സരിക്കും. ഈ ഫെബ്രുവരിയില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന വേള്‍ഡ് ഇന്‍ഡോറില്‍ 6.18 മീറ്റര്‍ ഉയരം മറികടന്ന് ഡ്യുപ്ലന്റിസ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ മാസം 17ന് റോം ഡയമണ്ട്‌ലീഗില്‍ സെര്‍ജി ബൂബ്കയുടെ റെക്കോര്‍ഡായ 6.14 മീറ്റര്‍ മറികടന്ന് ഔട്ട്‌ഡോറിലും റെക്കോര്‍്ഡ് സൃഷ്ടിച്ചിരുന്നു. 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സ്വീഡീഷ് താരം പഴങ്കഥയാക്കിയത്. ദോഹ ലീഗില്‍ കായികപ്രേമികള്‍ ഉറ്റുനോക്കുന്നത് ഡ്യുപ്ലന്റിസിന്റെ പ്രകടനമാണ്. ലണ്ടന്‍ 2012 ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് റെനൗഡ് ലവില്ലെനിയെ(ഫ്രാന്‍സ്), നിലവിലെ ലോക ചാമ്പ്യന്‍ സാം കെന്‍ഡ്രിക്‌സ്(യുഎസ്എ) എന്നിവരും പോള്‍വോള്‍ട്ടില്‍ മത്സരിക്കും. ഡബിള്‍ ഒളിമ്പിക് സ്പ്രിന്റ് ചാമ്പ്യന്‍ ജമൈക്കയുടെ എലെയ്ന്‍ തോംപ്‌സണ്‍ ഹെര, ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് ഡഫ്‌നെ ഷിപ്പേഴ്‌സ്, ലോകചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവ് ഐവറി കോസ്റ്റിന്റെ മാരി ജോസീ ടാ ലൂ എന്നിവരെല്ലാം ദോഹയില്‍ മത്സരിക്കാനുണ്ടാകും. ഈ മൂന്നു പേരും നൂറു മീറ്ററിലാണ് മത്സരിക്കുന്നത്. ഒരേ ഒളിമ്പിക്‌സില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ വനിതാ അത്‌ലറ്റാണ് തോംപ്‌സണ്‍ ഹെര. 2016 റിയ ഒളിമ്പിക്‌സിലാണ് ഇത് സാധ്യമായത്. 2019 ല്‍ ദോഹയില്‍ നടന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മൂന്നാം സ്ഥാനത്തെത്തിയ താരമായിരുന്നു മാരീ ജോസീ ടാ ലൂ. അന്ന് നാലാമതായിരുന്നു തോപംസ്ണ്‍ ഹെര. റിയോ ഒളിമ്പിക്‌സില്‍ 200മീറ്ററില്‍ രണ്ടാംസ്ഥാനത്തെത്തിയ താരമാണ് ഡഫ്‌നെ ഷിപ്പേഴ്‌സ്. 2015ലും 2017ലും 200 മീറ്ററില്‍ ലോക ചാമ്പ്യനായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക്‌സും കഴിഞ്ഞാല്‍ കായിക പ്രേമികള്‍ ഏറെ ഗൗരവത്തോടെ നോക്കിക്കാണുന്ന ചാമ്പ്യന്‍ഷിപ്പ് കൂടിയാണ് ഡയമണ്ട് ലീഗ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആര്‍പിയുടെ കാലാവധി അവസാനിച്ച് 90 ദിവസത്തിനുള്ളിലും തൊഴില്‍ മാറാനാകും

2021ലെ ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ദോഹയില്‍