in

കായികാവേശത്തില്‍ ഖത്തര്‍: ദോഹ ഡയമണ്ട് ലീഗ് ഇന്ന്

കെനിയയുടെ മധ്യദൂര ഓട്ടക്കാരി ഹെലന്‍ ഒന്‍സാന്‍ഡോ ഒബീരി ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ആര്‍ റിന്‍സ്
ദോഹ

ഈ വര്‍ഷത്തെ അവസാന ഡയമണ്ട് ലീഗ് സീരിസ് ഇന്ന് ദോഹയില്‍ നടക്കും. വൈകുന്നേരം മുതല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷനും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയും അറിയിച്ചു. വൈകുന്നേരം 5.53ന് മത്സരങ്ങള്‍ തുടങ്ങും. കോവിഡ് മുന്‍കരുതലും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ക്രമീകരണങ്ങള്‍. ആഗോള കായിക തലസ്ഥാനമായ ദോഹയില്‍ ചെറിയൊരിടവേളക്കുശേഷമാണ് വലിയൊരു കായികചാമ്പ്യന്‍ഷിപ്പെത്തുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ലീഗിന്റെ വിജയകരമായ നടത്തിപ്പിനായി പൊതുജനാരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഖത്തര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ ഡോ.താനി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍കുവാരി പറഞ്ഞു. ഏറ്റവും പ്രയാസമേറിയ സമയത്തും ആഗോള ചാമ്പ്യന്‍ഷിപ്പുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിലെ ദോഹയുടെ മികവാണ് ഡയമണ്ട്‌ലീഗ് ആതിഥേയത്വത്തിലും വ്യക്തമാകുന്നത്. ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പുകളിലെ 27 മെഡല്‍ ജേതാക്കള്‍ മത്സരിക്കും. 2016ലെ റിയോ ഒളിമ്പിക്‌സിലെ മെഡല്‍ജേതാക്കളായ പത്തു താരങ്ങളും ലോകചാമ്പ്യന്‍ഷിപ്പിലെ പതിനേഴ് മെഡല്‍ ജേതാക്കളുമാണ് ദോഹയില്‍ മത്സരിക്കാനെത്തുന്നത്. ഇവരുള്‍പ്പടെ 117 അത്‌ലറ്റുകള്‍ മത്സരംഗത്തുണ്ടാകും. പുരുഷന്‍മാരുടെ പോള്‍വോള്‍ട്ട്, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍, വനിതകളുടെ ലോങ്ജമ്പ്, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍, 100 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് ഡയമണ്ട് ലീഗ് മത്സരങ്ങള്‍. പുരുഷന്‍മാരുടെ 800 മീറ്ററില്‍ ജമാല്‍ ഹറെയ്ന്‍, 1500 മീറ്ററില്‍ മുസാബ് ആദംഅലി, ഹംസ ദ്രിയൂച്ച്, 400 മീറ്ററില്‍ മുഹമ്മഗ് നാസിര്‍ അബ്ബാസ്, 200 മീറ്ററില്‍ അബ്ദുല്‍അസീസ് മുഹമ്മദ് എന്നിവരാണ് ആതിഥേയരായ ഖത്തറിന്റെ പ്രതീക്ഷകള്‍. ദോഹ ഡയമണ്ട് ലീഗില്‍ ഹൈജമ്പ് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ആതിഥേയരുടെ ലോകചാമ്പ്യന്‍ മുതാസ് ബര്‍ഷിം മത്സരരംഗത്തുണ്ടാകില്ല.
ഡയമണ്ട് ലീഗിനൊപ്പം ഖത്തരി താരങ്ങള്‍ മാത്രം പങ്കെടുക്കുന്ന, ലീഗില്‍ പരിഗണിക്കാത്ത അഞ്ചു മത്സരങ്ങളും നടക്കും. 1500 മീറ്ററില്‍ ബി റേസ് മത്സരവും നടക്കും. ഇതില്‍ ഖത്തറിന്റെ മുഹമ്മഗ് അല്‍ഗാര്‍നി, യാസര്‍ സലേം ബഗരബ് എന്നിവര്‍ മത്സരിക്കും. പോള്‍വോള്‍ട്ടില്‍ ലോകറെക്കോര്‍ഡ് ജേതാവ് സ്വീഡന്റെ മോണ്ടോ ഡ്യുപ്ലന്റിസ് മത്സരിക്കും. ലണ്ടന്‍ 2012 ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് റെനൗഡ് ലവില്ലെനിയെ(ഫ്രാന്‍സ്), നിലവിലെ ലോക ചാമ്പ്യന്‍ സാം കെന്‍ഡ്രിക്‌സ്(യുഎസ്എ) എന്നിവരും പോള്‍വോള്‍ട്ടില്‍ മത്സരിക്കും. മോണ്ടോക്കെതിരെ മത്സരിക്കുമ്പോള്‍ ചരിത്രത്തിലെ മറ്റാരെക്കാളും കഠിനമായി കളിക്കാന്‍ നിങ്ങള്‍ തയാറായിരിക്കണമെന്ന് ഇന്നത്തെ മത്സരത്തെക്കുറിച്ച് പരാമര്‍ശിക്കവെ സാം കെന്‍ഡ്രിക്‌സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡബിള്‍ ഒളിമ്പിക് സ്പ്രിന്റ് ചാമ്പ്യന്‍ ജമൈക്കയുടെ എലെയ്ന്‍ തോംപ്‌സണ്‍ ഹെര, ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് ഡഫ്‌നെ ഷിപ്പേഴ്‌സ്, ലോകചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവ് ഐവറി കോസ്റ്റിന്റെ മാരി ജോസീ ടാ ലൂ എന്നിവരെല്ലാം ദോഹയില്‍ മത്സരിക്കാനുണ്ടാകും. ലോക ചാമ്പ്യന്‍ഷിപ്പും ഒളിമ്പിക്‌സും കഴിഞ്ഞാല്‍ കായിക പ്രേമികള്‍ ഏറെ ഗൗരവത്തോടെ നോക്കിക്കാണുന്ന ചാമ്പ്യന്‍ഷിപ്പ് കൂടിയാണ് ഡയമണ്ട് ലീഗ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഐസിബിഎഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എല്ലാ ഇന്ത്യാക്കാരും അംഗങ്ങളാകണം: ഡോ. ദീപക് മിത്തല്‍

വാദി അല്‍ഘദീരിയത് സ്ട്രീറ്റ് നവീകരണം പൂര്‍ത്തിയാക്കി