ടിക്കറ്റ് വാങ്ങാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക: http://tickets.qfa.qa/
പ്രവേശനം സമ്പൂര്‍ണ്ണ വാക്സിനേഷന് സ്വീകരിച്ചവക്കും 9 മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് മാറിയവര്‍ക്കും.
ദോഹ: ഈ മാസം 19 മുതല്‍ 25 വരെ ദോഹയില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരം കാണാനാഗ്രഹിക്കുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് നാളെ മുതല്‍ ടിക്കറ്റ് സ്വന്തമാക്കാം. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് വെബ്സൈറ്റില്‍ 20 ഖത്തര്‍ റിയാലിന് ടിക്കറ്റ് ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍സദ്ദിലെ ജാസിംബിന് ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. സമ്പൂര്‍ണ്ണമായി വാക്സിനേഷന് സ്വീകരിച്ചവര്‍ക്കും കഴിഞ്ഞ 9 മാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് മാറിയവര്ക്കമായിരിക്കും പ്രവേശനം.
12 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഒരാള്‍ നാല് ടിക്കറ്റുകള്‍ മാത്രമേ മാക്സിമം വാങ്ങാനാകൂ. ജൂണ്‍ 19-ന് രാത്രി എട്ടിന് ഖലീഫ ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് ലിബിയ-സുഡാന് മത്സരം അരങ്ങേറും. 20-ന് രാത്രി എട്ടിന് ഒമാനും സോമാലിയയും തമ്മിലുള്ള മത്സരം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരിക്കും. 21-ന് ജോര്‍ദ്ദാനും സൗത്ത് സുഡാനും മത്സരിക്കുന്നത് ഖലീഫ സ്റ്റേഡിയത്തിലായിരിക്കും. രാത്രി എട്ടിന് തന്നേയാണ് മത്സരം. ജൂണ്‍ 22-ന് രാത്രി എട്ടിന് മൗറിത്താനിയയും യമനും തമ്മില്‍ മാറ്റുരക്കുന്നത് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ്. 23-ന് രാത്രി എട്ടിന് ലെബനാനും ജിബൂത്തിയും തമ്മില്‍ ഖലീഫാ സ്റ്റേഡിയത്തില്‍ പോരാടും.
24-ന് എട്ടിനാണ് ഫലസ്തീനും കോമറോസും തമ്മിലുള്ള മത്സരം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അരങ്ങേറുക. 25-ന് രാത്രി എട്ടിന് ബഹ്റൈനും കുവൈറ്റും തമ്മിലുള്ള മത്സരം ഖലീഫ സ്റ്റേഡിയത്തിലായിരിക്കും. വിജയികളാവുന്നവര്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ഫിഫ അറബ് കപ്പില്‍ മാറ്റുരക്കും. ഫിഫ റാങ്കിംഗ് അടിസ്ഥാനത്തില്‍ 9 രാഷ്ട്രങ്ങള്‍ മത്സര യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയ രാജ്യമായ ഖത്തറിനു പുറമെ സഊദിഅറേബ്യ, യു എ ഇ, ടുണീഷ്യ, അള്‍ജീരിയ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളാണവ.
കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് നടക്കുന്ന മത്സരം വീക്ഷിക്കാന്‍ 30 ശതമാനം കാണികള്‍ക്കാണ് പ്രവേശനം അനുവദിക്കുക. മാസ്ക് ധരിക്കുകയും ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തനക്ഷമമായിരിക്കുകയും വേണം. സാമൂഹിക അകലം പാലിച്ചാണ് ഇരിക്കേണ്ടത്.
ഭക്ഷ്യപദാര്‍ത്ഥങ്ങളോ മറ്റോ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. കാണികള്‍ മെട്രോ ഉള്‍പ്പെടെ പൊതു ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അറിയിച്ചു. സ്പോര്‍ട്സ് സിറ്റി മെട്രോസ്റ്റേഷന് തൊട്ടടുത്താണ് ഖലീഫാ സ്റ്റേഡിയം. അല്സുഡാന് സ്റ്റേഷന് സമീപത്തായാണ് അല്‍സദ്ദിലെ ജാസിംബിന് ഹമദ് സ്റ്റേഡിയം. രണ്ടും ഗോള്‍ഡ് ലൈന്‍ ആണ്. പ്രത്യേക ശീതീകരണ സംവിധാനത്തില്‍ സ്റ്റേഡിയം സജ്ജീകരിച്ചതിനാല് കളിക്കാര്‍ക്കും കാണികള്‍ക്കും ചൂട് കാലാവസ്ഥയുടെ പ്രയാസം അഭിമുഖീകരിക്കേണ്ടി വരില്ല.
ടിക്കറ്റ് വാങ്ങാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക: http://tickets.qfa.qa/