- തിരക്കേറിയ പത്തിൽ ഒന്നാമത് ദുബായ്
ദോഹ: ഏറ്റവും തിരക്കേറിയ 10 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ സീറ്റുകളുടെ അടിസ്ഥാനത്തിൽ ഇടം നേടി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളവും.
ആഗോള ട്രാവൽ ഡാറ്റാ ദാതാവായ ഒഫീഷ്യൽ എയർലൈൻ ഗൈഡിന്റെ (O.A.G) കണക്കെടുപ്പ് പ്രകാരം ഹമദ് രാജ്യാന്തര വിമാനത്താവളം (H.I.A) 2023 ഏപ്രിലിൽ ലോകത്തിലെ മികച്ച 10 വിമാനത്താവളങ്ങളിൽ 9-ാം സ്ഥാനത്തെത്തി. 2019- ഏപ്രിൽ മാസത്തിൽ 13-ാം സ്ഥാനത്തായിരുന്നു.
2023 ഏപ്രിലിൽ ഹമദ് 2,147,221 യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. മികച്ച വർധനവ് ആണിത്. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി പരിശോധിക്കപ്പെട്ടപ്പോൾ
റാങ്കിംഗിൽ 4,484,082 ദശലക്ഷം സീറ്റുകളുമായി ദുബായ് ഇന്റർനാഷണൽ ഒന്നാം സ്ഥാനത്തെത്തി. 3,835,054 സീറ്റുകളുമായി ലണ്ടൻ ഹീത്രൂ രണ്ടാം സ്ഥാനത്താണ്.
ആംസ്റ്റർഡാം വിമാനത്താവളം 30 ലക്ഷം സീറ്റുമായി മൂന്നാമത് സ്ഥാനം നേടി. പാരീസിലെ ചാൾസ് ഡി ഗല്ലെ 2,957,595 സീറ്റുകളുമായി നാലാമതുണ്ട്. ഇസ്താംബുൾ വിമാനത്താവളം 2.9 ദശലക്ഷവും സിംഗപ്പൂരിലെ ചാംഗി 2.86 ദശലക്ഷവും രേഖപ്പെടുത്തി 5, 6 സ്ഥാനങ്ങളിൽ എത്തി. ഫ്രാങ്ക്ഫർട്ട് ഇന്റർനാഷണലും സോൾ ഇഞ്ചിയോണും യഥാക്രമം 2.7, 2.5 മില്യൺ സീറ്റുകളിൽ 7,8 സ്ഥാനം രേഖപ്പെടുത്തി. മാഡ്രിഡിന്റെ അഡോൾഫോ സുവാരസ് 2 ദശലക്ഷത്തിലെത്തി പത്താമതാണ്. ഒൻപതാം സ്ഥാനം നേടിയ ഹമദ് വിമാനത്താവളത്തിന് പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരണത്തിന്റെ അവസാന ഘട്ടം 2025-നകം പൂർത്തിയാകുമെന്നും പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരായി ശേഷി വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
2023 ഫെബ്രുവരിയിൽ, 19-ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡുകളിൽ ‘ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട്’ ആയി ഹമദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ ആറാം വർഷവും ‘മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളം’ എന്ന ബഹുമതിയും ഹമദ് വിമാനത്താവളത്തിന് ലഭിച്ചു. 2023-ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് തുടർച്ചയായി ഒമ്പതാം തവണയും നേടാൻ കഴിഞ്ഞു. ‘ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഷോപ്പിംഗ്’, ‘മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട്’ എന്നീ ബഹുമതി ഹമദിനുണ്ട്.