- നാലായിരത്തോളം പേർക്ക് അവസരം
ദോഹ: ലോക രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത് ഖത്തറിൽ ഒക്ടോബറിൽ നടക്കുന്ന ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 യുടെ വളണ്ടിയർമാരാവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023 ഫിഫ ലോക കപ്പിന് ശേഷം നടക്കുന്ന മറ്റൊരു ആഗോള പരിപാടിയുടെ ഭാഗമാവാൻ ആണ് വളണ്ടിയർമാർക്ക് അവസരം ലഭിക്കുക. ലോക രാജ്യങ്ങളിലെ 30 ലക്ഷത്തോളം പേർ പങ്കെടുക്കുന്ന എക്‌സ്‌പോ 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയാണ് അരങ്ങേറുക. പരിപാടിയുടെ അക്രഡിറ്റേഷൻ, ടിക്കറ്റിംഗ്, സാംസ്കാരിക പരിപാടികൾ, പ്രോട്ടോക്കോൾ, സന്ദർശക സേവനം, ഭാഷാ സേവനം, ആരോഗ്യവും സുരക്ഷയും, മീഡിയ തുടങ്ങി വിവിധ വിഭാഗങ്ങളിൽ തല്പരർക് അപേക്ഷിക്കാം. നാലായിരത്തോളം പേർക്ക് അവസരം ലഭിക്കും. ഇതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സംഘാടകർ അറിയിച്ചു.
അപേക്ഷകന് ഈ വർഷം സെപ്റ്റംബർ ഒന്നിന് 18 വയസ്സ് പ്രായമെങ്കിലും പൂർത്തിയായിരിക്കണം,
വളണ്ടിയർ ജോലി ഏറെ പ്രചോദിതമായി നിർവ്വഹിക്കണം, ഖത്തറിൽ താമസ വിസയുള്ളവരായിരിക്കണം, ആറ് മാസത്തേക്ക് പ്രതിമാസം 7 മുതൽ 8 ദിവസം വരെ വളണ്ടിയർ സേവനം നടത്തേണ്ടി വരും തുടങ്ങിയവയാണ് നിബന്ധനകൾ.
ദോഹ എക്‌സ്‌പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വോളണ്ടിയർ റെജിസ്ട്രേഷൻ ആരംഭിച്ചു.
വളണ്ടിയറായി അപേക്ഷിക്കാനുള്ള ലിങ്ക് : https://www.dohaexpo2023.gov.qa/en/take-part/volunteer-programme/
സേവനങ്ങൾക്ക് പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായുള്ള നെറ്റ്‌വർക്കിംഗ്, പരിശീലനം, എക്‌സ്‌ക്ലൂസീവ് യൂണിഫോം, സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭിക്കും.
ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും പുറമെ, വിദേശ അപേക്ഷകർക്കും റെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അവർ ഖത്തറിൽ താമസിക്കാൻ സാമ്പത്തിക ശേഷിയുള്ളവരും, ഉചിതമായ വിസയിൽ ആറ് മാസത്തേക്ക് ഖത്തറിൽ താമസിക്കാൻ യോഗ്യതയുള്ളവരുമായിരിക്കണം. വിസ, യാത്ര, താമസം തുടങ്ങിയ സൗകര്യങ്ങൾ എക്‌സ്‌പോ 2023 നൽകുന്നതല്ല. വോളണ്ടിയറിങ്ങിൽ മുൻ പരിചയമില്ലാത്തവർക്കും വികലാംഗർക്കും അപേക്ഷിക്കാം.