Sunday, October 25ESTD 1934

ദോഹ മെട്രോ വീണ്ടും ട്രാക്കിലേക്ക്; വിപുലമായ തയാറെടുപ്പുകള്‍

ദോഹ: ദോഹ മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. കോവിഡ് വ്യാപനം തടയുന്നതിനായി നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും സര്‍വീസ് പുനരാരംഭിക്കുക.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ദോഹ മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങളെല്ലാം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മെട്രോ യാത്രാ സര്‍വീസ് നടത്തുന്നില്ലെങ്കിലും യന്ത്രോപകരണങ്ങള്‍ക്ക് നിഷ്‌ക്രിയത്വം മൂലമുള്ള കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ കോവിഡ് കാലത്തും യാത്രക്കാരെ ഒഴിവാക്കി ദോഹ മെട്രോ ഓടുന്നുണ്ട്.  നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടത്തില്‍ ദോഹ മെട്രോ സര്‍വീസും പുനരാരംഭിക്കുമെന്നാണ് അറിയുന്നത്.  കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം സെപ്തംബര്‍ ഒന്നു മുതല്‍  പ്രാബല്യത്തിലാകും. അന്നു മുതല്‍ മെട്രോയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉയര്‍ന്ന ശരീര താപനില അണുബാധയുടെ സൂചകമായതിനാല്‍, മെട്രൊ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന യാത്രക്കാരുടെ താപനില നിരീക്ഷിക്കുന്നതിന് തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള സുരക്ഷാനിര്‍ദേശങ്ങളും പാലിക്കും. ഉദ്ഘാടനത്തിനുശേഷം ദോഹ മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് ദോഹ മെട്രോ പ്രവര്‍ത്തനം തുടങ്ങിയത്.
അന്നു മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 12 വരെയുള്ള കണക്കുകള്‍ പ്രകാരം യാത്രക്കാരുടെ എണ്ണം 1.7 കോടിയിലെത്തിയതായി ഖത്തര്‍ റെയില്‍ വ്യക്തമാക്കി.  റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലായി 36 സ്റ്റേഷനുകളാണ് മെട്രോക്കുള്ളത്.
2022 ലോകകപ്പ് എത്തുമ്പോഴേക്കും മെട്രോ ട്രെയിനുകളുടെ എണ്ണം നിലവിലെ 75 ല്‍ നിന്ന് 110 ആയി വര്‍ദ്ധിക്കും. കഴിഞ്ഞവര്‍ഷം മെയ് എട്ടിന് റെഡ് ലൈനിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ മാത്രമായിട്ടായിരുന്നു ദോഹ മെട്രോയുടെ സര്‍വീസ് തുടങ്ങിയത്. തുടര്‍ന്ന് റെഡ്‌ലൈനിലെ അവശേഷിക്കുന്ന സ്റ്റേഷനുകളിലേക്കും നവംബര്‍ 21ന്  ഗോള്‍ഡ്‌ലൈനിലും ഡിസംബര്‍ പത്തിന് ഗ്രീന്‍ ലൈനിലും സര്‍വീസ് തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് കോംപ്ലക്‌സുകളിലേക്കും സാംസ്‌കാരികകേന്ദ്രങ്ങളിലേക്കും ദോഹ മെട്രോ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നുണ്ട്.

error: Content is protected !!