
ദോഹ: ഖത്തര്‍ റെയില്‍ ദോഹ മെട്രോയുടെ പേപ്പര്‍ ടിക്കറ്റുകള്‍ റദ്ദാക്കി. സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പേപ്പര്‍ ടിക്കറ്റുകള്‍ നിര്‍ത്തലാക്കിയത്. പേപ്പര്‍ ടിക്കറ്റുകള്‍ക്കു പകരം പുനരുപയോഗിക്കാവുന്ന ട്രാവല്‍കാര്‍ഡുകള്‍ ഉപയോഗിച്ച് ദോഹ മെട്രോയില്‍ യാത്ര തുടരാം.
സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായാണ് പേപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കി പകരം ട്രാവല്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്ന് ദോഹ മെട്രൊ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ ഒന്നിന് ദോഹ മെട്രോ മുപ്പത് ശതമാനം ശേഷിയില്‍ വീണ്ടും സര്‍വീസ് തുടങ്ങിയശേഷം പേപ്പര്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നില്ല.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പരിമിത ഉപയോഗ ടിക്കറ്റുകള്‍ ലഭ്യമാകില്ലെന്നും ലൈസന്‍സുള്ള ചില്ലറ വില്പ്പനക്കാരില്നിന്നോ സ്റ്റേഷനിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനില്നിന്നോ സ്റ്റാന്റേഡ് ട്രാവല്‍ കാര്‍ഡ് നേടണമെന്ന് സര്‍വീസ് വീണ്ടും തുടങ്ങുന്ന ഘട്ടത്തില്‍ ദോഹ മെട്രോ വ്യക്തമാക്കിയിരുന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം നിയന്ത്രിച്ച് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കുറക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ പേപ്പര്‍ ടിക്കറ്റുകളിലെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പേപ്പര്‍ ടിക്കറ്റുകള്‍ പൂര്‍ണമായും റദ്ദാക്കിയത്. ടോപ് അപ് യാത്രാ കാര്‍ഡുകളിലേക്ക് മാറാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും യാത്രാ കാര്‍ഡുകള്‍ ലഭിക്കും. ആവശ്യത്തിനനുസരിച്ച് ഇവ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനാകും.