
ദോഹ: ദോഹ മെട്രോയുടെ പുതിയ ബാച്ച് ട്രെയിനുകള്‍ ഖത്തറിലെത്തി. കഴിഞ്ഞ ദിവസം ഹമദ് തുറമുഖത്തില്‍ പുതിയ ട്രെയിനുകളെ സ്വീകരിച്ചതായി ഖത്തര്‍ റെയില്‍വേസ് കമ്പനി(ഖത്തര്‍ റെയില്‍) അറിയിച്ചു. ദോഹ മെട്രോയ്ക്കായി 35 അധിക ട്രെയിനുകള്‍ വാങ്ങുന്നതിനായി ദി കിന്‍കി ഷര്യോ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ബാച്ച് ട്രെയിനുകള്‍ എത്തിച്ചത്.
വിതരണ ഷെഡ്യൂള്‍ പ്രകാരം കൂടുതല്‍ ട്രെയിനുകള്‍ വരുംമാസങ്ങളിലായി എത്തും. അടുത്തവര്‍ഷം രണ്ടാം പാദത്തിന്റെ അവസാനത്തിലായിരിക്കും അവസാന ബാച്ച് എത്തുക. ഇതോടെ പദ്ധതിയ്ക്കായി വാങ്ങുന്ന ആകെ ട്രെയിനുകളുടെ എണ്ണം 75ല്‍നിന്നും 110 ആയി ഉയരും. ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ട്രെയിനുകള്‍ അസംബ്ലി, ടെസ്റ്റിംഗ് ആവശ്യങ്ങള്‍ക്കായി അല്‍വഖ്‌റയിലെ ഖത്തര്‍ റെയില്‍ ഡിപ്പോയിലേക്ക് മാറ്റും. പിന്നീട് നിലവിലുള്ള റെയില്‍ സംവിധാനവുമായി സംയോജിപ്പിക്കും.

സുരക്ഷയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പരിശോധനകളും നടത്തും. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്ന സാഹചര്യത്തില്‍ മെട്രോ സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ട്രെയിനുകള്‍ സ്വന്തമാക്കുന്നത്. ലോകകപ്പില്‍ പതിനഞ്ച് ലക്ഷത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ റെയില്‍ കമ്പനി നടപ്പാക്കാനുദ്ദേശിക്കുന്ന ദോഹ മെട്രോ ലൈനുകളുടെ ഭാവിയിലെ വിപുലീകരണപദ്ധതിക്കായും ഈ അധിക ട്രെയിനുകളെ ഉള്‍പ്പെടുത്തും. സമഗ്ര ഗതാഗത പദ്ധതിയിലെ ഏറ്റവും സുപ്രധാനമായ തൂണുകളിലൊന്നാണ് ദോഹ മെട്രോ പദ്ധതി. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ ഈ ചുവടുവയ്പ്പിലൂടെ സാധിക്കും. രാജ്യത്തിന്റെ പൊതുഗതാഗത നെറ്റ്വര്‍ക്കിനെ വലിയതോതില്‍ പിന്തുണയ്ക്കുന്നതായിരിക്കും പദ്ധതി.
2022ഫിഫ ലോകകപ്പ് ഘട്ടത്തില്‍ പൊതുഗതാഗത സംവിധാനത്തിന് വലിയ ആവശ്യകയുണ്ടാകും. ഇതുമൂന്‍ക്കൂട്ടിക്കണ്ടാണ് വികസിപ്പിക്കുന്നത്. ദോഹയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളെ വ്യാപകമായി ബന്ധിപ്പിക്കുന്നതിനാല്‍ ദോഹ മെട്രോ ശൃംഖല നഗരത്തിനുള്ളില്‍ വിശ്വസനീയവും സുഖപ്രദവുമായ ഗതാഗത മാര്‍ഗം നല്‍കുന്നതായി ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അബ്ദുല്ല അബ്ദുല്‍അസീസ് അല്‍സുബൈ പറഞ്ഞു.
അധിക ട്രെയിന്‍ സെറ്റുകള്‍ ദോഹ മെട്രോയുടെ നെറ്റ്‌വര്‍ക്കിന്റെ ശേഷി വര്‍ധിപ്പിക്കും. ഫിഫ ലോകകപ്പ് 2022 ല്‍ സന്ദര്‍ശകര്‍ക്കും കാണികള്‍ക്കും സമഗ്രവും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം നല്‍കുന്നതായിരിക്കും ദോഹ മെട്രോയെന്നും അദ്ദേഹം വിശദീകരിച്ചു. പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും നെറ്റ്‌വര്‍ക്ക് വിപുലീകരണം സഹായിക്കും. ഖത്തരി പൈതൃകത്തില്‍നിന്നും സംസ്‌കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അത്യാധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ദോഹ മെട്രോ ട്രെയിനുകളുടെ രൂപകല്‍പ്പന. ജപ്പാനിലെ ഒസാകയില്‍ ദി കിന്‍കി ഷര്യോ കമ്പനിയുടെ ഫാക്ടറിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവറില്ലാ ട്രെയിനുകളിലൊന്നായ ദോഹ മെട്രോ ഈ മേഖലയിലെ എറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ട്രെയിന്റേത്. ഓരോ ട്രെയിനുകള്‍ക്കും മൂന്നു വീതം കാറുകളാണുള്ളത്. ഗോള്‍ഡ്, ഫാമിലി ക്ലാസുകള്‍ക്കായി ഒന്നും സ്റ്റാന്റേഡ് ക്ലാസുകള്‍ക്കായി രണ്ടും മെട്രൊ കാറുകളായിരിക്കും ട്രെയിനിലുണ്ടാകുക.