
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ദുരന്ത നിവാരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നാളെ (2021 ഫെബ്രുവരി 4) മുതല്‍ പ്രാബല്യത്തില്‍.
- സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ 80 ശതമാനം പേര് ഓഫീസുകളിലോ തൊഴിലിടങ്ങളിലോ എത്തി ജോലി ചെയ്താല്‍ മതിയാകും. അവശേഷിക്കുന്ന 20ശതമാനം ജീവനക്കാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചോ അഭ്യര്ഥകള്ക്കനുസരിച്ചോ വിദൂരമായി വീടുകളിലിരുന്ന് ജോലി പൂര്‍ത്തിയാക്കുക.
- സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിലുള്ള യോഗങ്ങളില്‍ പതിനഞ്ച് പേരില്‍ കവിയാന്‍ പാടില്ല. മുന്‍കരുതല്‍ നടപടികളും പാലിക്കണം.
- എല്ലാ പൗരന്മാരും താമസക്കാരും എപ്പോള്‍ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോഴും മാസ്ക്ക് നിര്‍ബന്ധമായും ധരിക്കണം. വാഹനത്തില്‍ ഒരാള്‍ മാത്രമാണെങ്കില്‍ മാത്രം മാസ്ക്ക് നിര്‍ബന്ധമില്ല.
- വീടിനു പുറത്തുപോകുമ്പോള്‍ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം.
- ദിവസേനയുള്ള നമസ്കാരങ്ങള്‍ക്കും വെള്ളിയാഴ്ച നമസ്കാരങ്ങള്ക്കുമായി പള്ളികള്‍ തുടര്‍ന്നും തുറക്കുമെങ്കിലും ടോയ്ലറ്റുകളും അംഗശുദ്ധിക്കുള്ള സൗകര്യങ്ങളും അടഞ്ഞുകിടക്കും. അവ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
- സന്ദര്‍ശനങ്ങള്‍, അനുശോചനങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ അടച്ചിട്ട സ്ഥലങ്ങളില്‍ അഞ്ചിലധികം പേരും തുറസായ സ്ഥലങ്ങളില്‍ പതിനഞ്ചിലധികം പേരും ഉണ്ടാകാന്‍ പാടില്ല.
- ശൈത്യകാല ക്യാമ്പുകളില്‍ പതിനഞ്ചില്‍ കൂടുതല്‍ പേര് പാടില്ല.
- ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്‍ഡോര്‍, തുറസായ സ്ഥലങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ പാടില്ല. അതേസമയം അടച്ചിട്ട സ്ഥലങ്ങളില്‍ പത്തില്‍ കവിയാതെയും തുറസായ സ്ഥലങ്ങളില്‍ 20ല്‍ കവിയാതെയും ബന്ധുക്കളെ പങ്കെടുപ്പിച്ച് ് വീടുകളിലും മജ്ലിസുകളിലും നടത്തുന്ന വിവാഹങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങിന്റെ തീയതിയും സ്ഥലവും ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും മന്ത്രാലയം നിര്‍ണ്ണയിക്കുന്ന സംവിധാനമനുസരിച്ച് നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കുമെന്ന് ഉറപ്പ് നല്‍കുകയും വേണം. വിവാഹങ്ങള്‍ക്കുള്ള നിയന്ത്രണം ഫെബ്രുവരി ഏഴ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകും.
- പൊതുപാര്‍ക്കുകളിലും ബീച്ചുകളിലും കോര്‍ണീഷിലും കളിസ്ഥലങ്ങള്‍ അടക്കും. കായിക ഉപകരണങ്ങളിലെ വ്യായാമവും അനുവദിക്കില്ല. ഒത്തുചേരലുകള്‍ പതിനഞ്ച് പേരായി പരിമിതപ്പെടുത്തി.
- ഒരേകുടുംബത്തില്പ്പെട്ടവര് ഒഴികെ വാഹനത്തില്‍ െ്രെഡവര്‍ സഹിതം നാലു പേര് മാത്രമായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ തുടരും.
- ബസുകളില്‍ കയറ്റാവുന്നവരുടെ എണ്ണം ബസിന്റെ ആകെ ശേഷിയുടെ പകുതി മാത്രമായിരിക്കും.
- ദോഹ മെട്രോയും പൊതുഗതാഗത സേവനങ്ങളും 30 ശതമാനം ശേഷിയില്‍ സര്‍വീസ് തുടരും.
- െ്രെഡവിങ് സ്കൂളുകളിലെ ശേഷി 25 ശതമാനത്തില്‍ കവിയരുത്.
- സിനിമാ ഹാളുകളിലും തീയെറ്ററുകളിലും ശേഷിയുടെ 30ശതമാനംപേര്‍ക്ക് മാത്രമായിരിക്കണം പ്രവേശനം. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.
- വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെയും നഴ്സറികളുടെയും ശിശുസംരക്ഷണ കേന്ദ്രങ്ങളുടെയും തൊഴില്‍ ശേഷി 30% ആയി കുറക്കും.
- പൊതുമ്യൂസിയങ്ങളുടെയും ലൈബ്രറികളുടെയും ശേഷി 50ശതമാനമായി കുറക്കും.
- പ്രത്യേക ആവശ്യങ്ങളുള്ളവര്ക്കായി നിയുക്തമാക്കിയ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിദ്യാഭ്യാസ സെഷനുകള്‍ക്ക് മാത്രം അനുമതി.
- പ്രൊഫഷണല്‍ കായിക ടീമുകളുടെ പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം തുറസായ സ്ഥലങ്ങളില്‍ 40 പേരിലും അടച്ചിട്ട സ്ഥലങ്ങളില്‍ 20പേരിലും കവിയാന്‍ പാടില്ല. കാണികളുടെ സാന്നിധ്യം വിലക്കിയിട്ടുണ്ട്.
- പ്രാദേശികവും അന്തര്‍ദേശീയവുമായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം. ഈ പരിപാടികളില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനവിലക്കുണ്ടാവും. തുറസായ സ്ഥലങ്ങളില്‍ ശേഷിയുടെ 20ശതമാനം പേര്‍ക്ക് പ്രവേശനം അനുവദിക്കും.
- പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, വിവിധ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം.
- വാണിജ്യ സമുച്ചയങ്ങള്‍ക്ക് 50ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം. എന്നാല്‍ ഈ കോംപ്ലക്സുകളിലെ റെസ്റ്റോറന്റുകള്‍ അടക്കണം. ബാഹ്യഓര്ഡറുകള് നല്‍കാം. ടേക്ക് എവേക്ക് മാത്രമാണ് അനുമതി.
- റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഇന്‍ഡോറില്‍ 15ശതമാനം ശേഷിയിലും ഖത്തര്‍ ക്ലീന്‍ പ്രോഗ്രാമിന്റെ ഭാഗമായ റസ്റ്റോറന്റുകള്‍ക്ക് ഇന്‍ഡോറില്‍ 30ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. എല്ലാ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും തുറസായ സ്ഥലങ്ങളില്‍ 50ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകളിലും കഫേകളിലും ആരോഗ്യസുരക്ഷാ നടപടികള്‍ നടപ്പാക്കണം.
- വാടക ബോട്ടുകള്‍, ടൂറിസ്റ്റ് യാര്‍ഡുകള്‍, ഉല്ലാസ ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ബോട്ടുകളുടെയും വ്യക്തിഗത യാര്‍ഡുകളുടെയും ഉടമകള്‍ അവ ഉപയോഗിക്കുകയാണെങ്കില്‍ പതിനഞ്ച് പേരിലധികമാകാന് പാടില്ല.
- ജനപ്രിയ വിപണികളുടെ ശേഷി 50ശതമാനമായി കുറക്കും
- മൊത്തവിപണികളുടെ ശേഷി 30ശതമാനമായി കുറക്കും
- ഹെയര്‍ഡ്രസ്സിങ്, ബ്യൂട്ടി സലൂണുകളുടെ ശേഷി 30ശതമാനമായി കുറക്കും
- എല്ലാ അമ്യൂസ്മെന്റ് പാര്‍ക്കുകളും വാണിജ്യസമുച്ചയങ്ങളിലെ ഇന്‍ഡോര്‍ വിനോദകേന്ദ്രങ്ങളും അടക്കും. തുറസ്സായ സ്ഥലങ്ങളില്‍ മാത്രം 30ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
- ഹെല്‍ത്ത് ക്ലബ്ബുകള്‍ക്കും ശാരീരിക പരിശീലന ക്ലബ്ബുകള്‍ക്കും 30ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മസാജ് സേവനങ്ങള്‍ 30ശതമാനം ശേഷിയില്‍ തുടരാം. സ്റ്റീം റൂമുകള്‍, ജാക്കൂസി സേവനങ്ങള്‍, മൊറോക്കന്‍, ടര്‍ക്കിഷ് ബാത്ത് എന്നിവ അടക്കണം.
- എല്ലാ ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങളും ഇന്‍ഡോര്‍ വാട്ടര്പാര്ക്കുകളും അടക്കും. ഔട്ട്ഡോര്‍ നീന്തല്‍ക്കുളങ്ങള്‍ക്കും വാട്ടര്പാര്ക്കുകള്ക്കും 30ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം തുടരാം.
- സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എല്ലാ സേവനങ്ങളോടെയും പ്രവര്‍ത്തനം തുടരാം.
31- സ്കൂളുകള്‍ കിന്ര്ഗാര്ട്ടനുകള് നിലവിലെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഓണ്‍ലൈനും നേരിലുമായി നിലവിലെ സാഹചര്യം തുടരാം.
32- പ്രവാസികളുടേയും സ്വദേശികളുടേയും ഖത്തറിലേക്കുള്ള മടക്കവും ക്വാറന്റൈനും നിലവിലെ സാഹചര്യം തുടരാം.
പ്രതിരോധനടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആഭ്യന്തരമന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.