in

കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡോ.അല്‍ഖാല്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗത്തില്‍ നിന്നും സുഖംപ്രാപിച്ചവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ സമിതി കോ-ചെയര്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ അണുബാധയുടെ രൂക്ഷത അനുഭവിക്കുന്ന രോഗികളെ ചികിത്സിക്കാന്‍ സഹായകമാകും. രോഗത്തിനു ശേഷമുള്ള ആന്റിബോഡികളാല്‍ സമ്പന്നമായ രക്തത്തിലെ ദ്രാവകമായ കണ്‍വാലസെന്റ് പ്ലാസ്മ എബോള, സാര്‍സ് എന്നിവയുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം പരിശോധനയിലെ വര്‍ധനവാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം 700 മുതല്‍ 1,000 പരിശോധനകള്‍ മാത്രമാണ് നടത്തിയിരുന്നത്. എന്നാലിപ്പോള്‍ പരിശോധന മൂന്നിരട്ടിയായി വര്‍ധിച്ചു. അത്യാധുനിക ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് കൂടുതല്‍ പേരില്‍ ഒരേ ദിവസം പരിശോധന നടത്താനാകുന്നത്. വളരെ വേഗത്തിലും ഫലപ്രദമായും ടെസ്റ്റ് നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും കൂടുതല്‍ സ്വദേശികള്‍ ഉള്‍പ്പടെ മടങ്ങിയെത്തുന്നതും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഇവര്‍ ദോഹയില്‍ എത്തിയാലുടന്‍തന്നെ ക്വാറന്റൈനിലേക്ക് മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂഹ്യവ്യാപനത്തിന്റെ സാധ്യതയില്ല. ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവരില്‍ ഓരോരുത്തര്‍ക്കും രോഗം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഡോ.ഖാല്‍ വിശദീകരിച്ചു. സാധാരണ അവസ്ഥയില്‍ വൈറസ് വായുവില്‍ നിലനില്‍ക്കാനുള്ള സാധ്യത വളരെകുറവാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധിക്കുന്നത് ഒഴിവാക്കാന്‍ ആളുകള്‍ക്കിടയില്‍ സാമൂഹിക അകലം രണ്ടുമീറ്ററായിരിക്കണം.
മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. ഖത്തറില്‍ രോഗം ബാധിച്ചവരെ അല്ലെങ്കില്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതും ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ ഇല്ലാത്തതുമായ കേസുകളില്‍ മരുന്നുകളൊന്നും നല്‍കുന്നില്ലെന്നും എന്നാല്‍ മെഡിക്കല്‍ ജീവനക്കാരുടെ നിരീക്ഷണത്തിലായിരിക്കും ഇവരെന്നും ഡോ.ഖാല്‍ പറഞ്ഞു. ഉയര്‍ന്ന അപകടസാധ്യതയുള്ള കേസുകളില്‍ ചികിത്സകള്‍ ലഭ്യമാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പ്രത്യേകിച്ചും രണ്ടുതരം മരുന്നുകളാണ് നല്‍കുന്നത്, ഹൈഡ്രോക്‌സിക്ലോര്‍ഫിനും അസിട്രോമൈസിനുമാണ് നല്‍കുന്നത്. എന്നാല്‍ കേസ് കഠിനവും തീവ്രമായ രോഗലക്ഷണങ്ങളും ശ്വാസകോശത്തില്‍ വീക്കവും സംഭവിച്ചിട്ടുണ്ടെങ്കില്‍ രണ്ടു അധികമരുന്നുകള്‍ കൂടി നല്‍കും.
ഒസെല്‍റ്റമിവിര്‍, ലോപിനവിര്‍ റിറ്റോനവിര്‍ എന്നിവ. സാഹചര്യം കൂടുതല്‍ കഠിനമാകുകയാണെങ്കില്‍ മറ്റുതരത്തിലുള്ള മരുന്നുകളും ചേര്‍ക്കും. ചൈനയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ രണ്ട് മുതല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ചില ചെറിയശതമാനം കേസുകളില്‍ മാം്ര പത്തുദിവസത്തിനുശേഷവും ലക്ഷണങ്ങള്‍ പ്രത്യക്ഷമായി. എല്ലാ കേസുകളിലും രണ്ടാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നാണ് ചൈനീസ് പഠനം വ്യക്തമാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ നാലാമത് മരണം; രോഗികള്‍ 1477

ക്വാറന്റൈന്‍ ലംഘനം: നാലു ഖത്തരികള്‍ കൂടി അറസ്റ്റില്‍, ആകെ 114 പേര്‍