
ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ഡോ.ദീപക് മിത്തല്‍ ചുമതലയേറ്റു. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം അധികാരപത്രം കൈമാറി. അംബാസഡറുടെ പുതിയ ദൗത്യത്തില്‍ വിജയിക്കാനാകട്ടെയെന്ന് വിദേശകാര്യസഹമന്ത്രി മന്ത്രി ആശംസിച്ചു. രണ്ടു സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കാന്‍ പുതിയ ദൗത്യനിര്‍വഹണത്തിലൂടെ കഴിയുമെന്നപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ഉയര്‍ത്തുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. മൂന്നു വര്‍ഷത്തിലേറെ നീണ്ട ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുശേഷം പി.കുമരന്‍ സ്ഥാനമൊഴിഞ്ഞു മടങ്ങിയതിനെത്തുടര്‍ന്നാണ് ഡോ. ദീപക് മിത്തലിനെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി നിയോഗിച്ചത്. വിദേശ കാര്യ മന്ത്രാലയത്തില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു ഡോ.മിത്തല്‍. 1998 ബാച്ചിലെ ഐഎഫ്എസ് ഓഫിസറായ ഇദ്ദേഹത്തിന് പശ്ചിമേഷ്യന്‍ കാര്യങ്ങളില്‍ അനുഭവസമ്പത്തുണ്ട്. തുര്‍ക്കി അംബാസഡര്‍ മെഹ്മത് മുസ്തഫ ഗോക്സു, സുഡാന്‍ അംബാസഡര്‍ അബ്ദുല്‍ റഹീം അല്‍സിദ്ദീഖ് മുഹമ്മദ് എന്നിവരും വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അധികാരപത്രം കൈമാറി.