in ,

ഡോ. ദീപക് മിത്തല്‍ ഇന്ത്യയിലെ ആദ്യ ഖത്തര്‍ അംബാസഡറുമായി ചര്‍ച്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യയിലെ ആദ്യ ഖത്തര്‍ അംബാസഡറായിരുന്ന ഷെരിദ സഅദ് ജുര്‍ബാന്‍ അല്‍കഅബിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദോഹ:ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യയിലെ ആദ്യ ഖത്തര്‍ അംബാസഡറായിരുന്ന ഷെരിദ സഅദ് ജുര്‍ബാന്‍ അല്‍കഅബിയുമായി കൂടിക്കാഴ്ച നടത്തി. 1974 മുതല്‍ 1976 വരെ ഇന്ത്യയിലെ അംബാസഡറായിരുന്നു അല്‍കഅബി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷിബന്ധം രൂപപ്പെടുത്തുന്നതില്‍ അല്‍കഅബി സുപ്രധാന പങ്ക് വഹിച്ചിരുന്നു. നിലവില്‍ അല്‍ബലാഗ് ട്രേഡിങ് ആന്റ് കോണ്‍ട്രാക്റ്റിങ് കമ്പനിയുടെ ചെയര്‍മാനാണ് ഇദ്ദേഹം. വിഖ്യാതനായ നയതന്ത്രജ്ഞനാണ് ഷെരിദ സഅദ് ജുര്‍ബാന്‍ അല്‍കഅബി. ഖത്തറിന്റെ പുതിയ ഭരണഘടന രൂപീകരണ സമിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1976 മുതല്‍ 78വരെയുള്ള കാലയളവില്‍ ഈജിപ്തിലും അംബാസഡറായിരുന്നു. 1978 മുതല്‍ 1980വരെ തുനീസില്‍ അറബ് ലീഗിലെ ഖത്തറിന്റെ പ്രതിനിധിയുമായിരുന്നു. 1980 മുതല്‍ 1989വരെ കോര്‍ട്ട് ഓഫ് സെയ്ന്റ് ജെയിംസിലെ ഖത്തര്‍ അംബാസഡറായിരുന്നു. മാര്‍ഗരറ്റ് താര്‍ച്ചറുടെ ഭരണകാലത്ത് ഖത്തറിനും ബ്രിട്ടണിനുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.


തൊഴില്‍, സാമൂഹിക കാര്യ, ഭവന നിര്‍മ്മാണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിസിസി സ്റ്റേറ്റ് ഹെഡ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു. ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്റെയും ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും സജീവ അംഗമാണ്. ലോകമെമ്പാടും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രശസ്ത സംഘടനകളില്‍ ബോര്‍ഡ് അംഗ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മാതൃഭാഷയായ അറബികിനു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, പേര്‍ഷ്യന്‍, ഹിന്ദി ഭാഷകളും കൈകാര്യം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും അല്‍കഅബിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഖത്തറിനും ഇന്ത്യക്കുമിടയിലെ സഹകരണം ചര്‍ച്ചയായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കത്താറയില്‍ സുഹൈല്‍ പ്രദര്‍ശനത്തിന് സന്ദര്‍ശനത്തിരക്കേറുന്നു

ദേശീ രാഗുമായി മെറില്‍ ആന്‍ മാത്യു