
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക കാരുണ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അധ്യക്ഷനുമായ ഡോ മോഹന്‍ തോമസിന് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മെഡിക്കല്‍ രംഗത്തെ അദ്ദേഹത്തിന്റെ സേവനമാണ് അവാര്‍ഡിന് മുഖ്യമായി പരിഗണിച്ചതെന്ന് ജൂറി അറിയിച്ചു. ഖത്തറിലെ ഇന്ത്യക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടി ചെയ്ത കാരുണ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും പരിഗണിക്കപ്പെട്ടു. കോവിഡ് കാലത്ത് ഡോ മോഹന്‍ തോമസ് ചെയ്ത സേവനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജനുവരി 9-ന് വെര്‍ച്വലായി നടക്കുന്ന പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി പുരസ്കാരം കൈമാറും. ഉപരാഷ്ട്രപതി അധ്യക്ഷനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഉപാധ്യക്ഷനും പ്രമുഖ വ്യക്തിത്വങ്ങള്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
വിദേശത്തുള്ള ഇന്ത്യക്കാരായ പ്രമുഖര്‍ക്ക് സാമൂഹിക സാംസ്കാരിക കലാ കായിക വാണിജ്യ രംഗത്ത് മികവ് പ്രകടിപ്പിച്ച വ്യക്തികള്‍ക്കും മികച്ച സംഭാവനകള്‍ നല്കിയ സ്ഥാപനങ്ങള്‍ക്കുമാണ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നല്കി വരുന്നത്.