
കെ എം സി സി, പാറക്കല്‍ അബ്ദുല്ല എം എല്‍ എ അനുശോചിച്ചു
ദോഹ: ബംഗളൂരുവില്‍ നിര്യാതനായ ഡോ. വണ്ടൂര്‍ അബൂബക്കര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് നാട്ടിലും ഗള്‍ഫിലും വ്യക്തിമുദ്ര പതിപ്പിച്ചയാള്‍. പത്തു വര്‍ഷത്തിലധികം ഖത്തര്‍ പ്രവാസിയായിരുന്ന അദ്ദേഹം സഊദിഅറേബ്യയിലും പ്രവാസ ജീവിതം നയിച്ചിരുന്നു. നിരവധി സാമൂഹിക സംഘടനകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്ത് പ്രവര്‍ത്തിച്ച് മികവ് തെളിയിക്കുകയുണ്ടായി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ ഡോ.അബൂബക്കര്‍ എം എസ് എഫിലൂടെ പൊതുരംഗത്ത് എത്തുകയും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്തു. നാട്ടില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളില്‍ സജീവമായിരുന്നു. പിന്നീട് ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതിയംഗം, ജിദ്ദ കെ എം സി സിയുടെ സംസ്ഥാന നേതാവ് എന്നീ നിലകളില്‍ ്സാമൂഹിക രംഗത്ത് പ്രവാസ ലോകത്തും സജീവമായി. സ്കോളേഴ്സ് ഇന്‍ര്‍നാഷണല്‍ സ്കൂളിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു. കലാ കായിക സംഘാടന രംഗത്തും പ്രവര്‍ത്തിക്കുകയുണ്ടായി. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (ക്വിഫ്) രക്ഷാധികാരിയും എക്സിക്യുട്ടീവ് അംഗവുമായിരുന്നു. ദോഹ ബാങ്ക് ലീഗല്‍ റിസ്ക് മാനേജര്‍, ബര്‍വ ബാങ്ക് ലീഗല്‍ റിസ്ക്സ് മാനേജര്‍, ഖത്തര്‍ ഫൗണ്ടേഷന് സീനിയര്‍ അറ്റോര്‍ണി എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഡോ.വണ്ടൂര്‍ അബൂബക്കറിന്റെ വിയോഗത്തില്‍ ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി, മലപ്പുറം ജില്ലാ കെ എം സി സി, ക്വിഫ് തുടങ്ങിയ സംഘടനകള്‍ അനുശോചിച്ചു.

കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്മാന് പാറക്കല്‍ അബ്ദുല്ല എം എല്‍ എയും ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളും അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എം എസ് എഫിന് വേരോട്ടം ലഭിക്കുന്നതിന് വേണ്ടി അഹോരാത്രം പണിയെടുത്ത പഴയകാല നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹമെന്ന് ഖത്തര്‍ കെ എം സി സി അനുശോചനക്കുറിപ്പില്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്ത്തകന്, വിദ്യാഭ്യാസ വിചക്ഷണന്‍, സാമൂഹ്യ പ്രവര്ത്തകന്, സംഘാടകന്‍ എന്നീ നിലകളിലും അദ്ദേഹം ഖത്തറില്‍ സജീവമായിരുന്നു. പ്രവാസികള്‍ക്കിടയില്‍ വന്സൗഹൃദവലയമുണ്ടായിരുന്ന ഡോ.അബൂബക്കര്‍ ക്വിഫിന്റെ വളര്‍ച്ചയിലും പ്രയാണത്തിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ക്വിഫ് അനുസ്മരിച്ചു.