
ദോഹ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു ഏഷ്യന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 29 കിലോഗ്രാം ഹാഷിഷും 10.2 കിലോഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുക്കുകയും ചെയ്തു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ചില വ്യക്തികളെക്കുറിച്ച് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനാല്‍, ഉടന്‍ തന്നെ അന്വേഷണ സംഘം രൂപീകരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അന്വേഷണസംഘം വിവരങ്ങള്‍ പരിശോധിക്കുകയും അതിനനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി നേടിയ ശേഷം സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരുടെ കൈവശമുള്ള മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.കൂടുതല്‍ നിയമ നടപടിക്രമങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് റഫര്‍ ചെയ്തു.