
ദോഹ: ദുഹൈല്‍ ഗറാഫ പാലം പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ഗതാഗതത്തിനായി തുറന്നു. ദുഹൈല്‍ ഇന്റര്‍ചേഞ്ചിലെ ഗതാഗത സിഗ്നലുകളുടെ ഭാഗങ്ങളും തുറന്നിട്ടുണ്ട്. നിശ്ചയിച്ച ഷെഡ്യൂളിനും ആറു മാസങ്ങള്‍ക്കു മുന്‍പുതന്നെ പദ്ധതി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറക്കുകയായിരുന്നു. മേഖലയിലെ വാഹന ഒഴുക്കും ഗതാഗതവും സുഗമമാക്കാന്‍ ഇതിലൂടെ സാധിക്കും. വെസ്റ്റ്ബേ, അല്‍മര്‍ഖിയ, മദീനത്ത് ഖലീഫ, ദുഹൈലില്‍ നിന്ന് ഗറാഫത്ത് അല്‍ റയ്യാന്‍, അല്‍ഗറാഫ, അല്‍റയ്യാന്‍ പ്രദേശങ്ങള്‍ക്കിടയിലെ യാത്രാ സമയം 95 ശതമാനം കുറക്കാന്‍ ഇതിലൂടെ സാധിക്കും. 400 മീറ്റര്‍ നീളത്തില്‍ മൂന്നു വരികളിലായുള്ള ഇരട്ട കാര്യേജ് വേ പാലമാണ് നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ ഇരു വശങ്ങളിലേക്കും 12,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. നോര്‍ത്ത് പാലത്തിന് താഴെയുള്ള ഗതാഗത സിഗ്നലുകളുടെ ഭാഗവും തുറന്നു. ഇതോടെ ശമാലില്‍നിന്ന് നേരിട്ട് ദുഹൈല്‍, വെസ്റ്റ് ബേ എന്നിവിടങ്ങളിലേക്ക് അല്‍ ഖഫാജി സ്ട്രീറ്റിലൂടെ ഇരുദിശകളിലേക്കുമുള്ള യാത്ര സുഗമമായി. അല്ഗറാഫയില് നിന്നും നോര്‍ത്ത് റോഡിലേക്ക് എത്താനും തിരിച്ചുമുള്ള ഗതാഗതവും എളുപ്പത്തിലായി. അല്‍ഗറാഫ, ഗറാഫത്ത് അല്‍റയ്യാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും മേഖലയിലെ സുപ്രധാന സൗകര്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ഗുണകരമാണ് പാലവും ഗതാഗത സിഗ്നലുകളും. പദ്ധതിയില്‍ ഉപയോഗിച്ച 60ശതമാനം വസ്തുക്കളും തദ്ദേശീയമായവയാണ്. പ്രാദേശികമായി ഉത്പാദിപ്പിച്ച ഇരുമ്പ്, കോണ്‍ക്രീറ്റ്, ഫിറ്റിങുകള്‍ തുടങ്ങിയവയാണ് ഉപയോഗിച്ചത്. മഴക്കാലത്ത് വെള്ളം അടിഞ്ഞുകൂടുന്നത് തടയാന്‍ 10,722 മീറ്റര്‍ മഴവെള്ള- മലിനജല ശൃംഖല, 16.8 കിലോമീറ്റര്‍ വൈദ്യുതി ശൃംഖല എന്നിവയടക്കം നിരവധി അടിസ്ഥാനസൗകര്യവികസന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ശമാല്‍ റോഡിലെ ദോഹ നഗരത്തിന്റെ വടക്കന്‍ പ്രവേശന കവാടത്തിലാണ് ദുഹൈല്‍ ഇന്റര്‍ചേഞ്ച് എന്നതിനാല്‍ ഈ മേഖലയിലെ സ്കൂളുകള്‍, ഖത്തര്‍ സര്‍വകലാശാല, നോര്‍ത്ത് അറ്റ്ലാന്റിക് കോളേജ്, എജ്യൂക്കേഷന്‍ സിറ്റി ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. ദുഹൈല്‍ ഇന്റര്‍ചേഞ്ചിന്റെ 75 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. റെക്കോര്‍ഡ് സമയത്തിലാണ് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. കേവലം 18 മാസങ്ങളാണ് 75 ശതമാനം പൂര്‍ത്തിയാക്കാനെടുത്തത്. 2021ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് അശ്ഗാല്‍ പദ്ധതി കാര്യവിഭാഗം അസിസ്റ്റന്റ് പ്രൊജക്റ്റ്സ് മാനേജര്‍ ശൈഖ അല്‍മന്‍സൂരി പറഞ്ഞു.