in

മെട്രാഷ്-2 ആപ്പില്‍ ഇ-വാലറ്റ് സേവനം; തിരിച്ചറിയല്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സൗകര്യം

ദോഹ: ആഭ്യന്തരമന്ത്രാലയത്തിന്റെ ജനപ്രിയ മൊബൈല്‍ ആപ്പായ മെട്രാഷ്-2വില്‍ ഇ-വാലറ്റ് സംവിധാനത്തിനു തുടക്കംകുറിച്ചു. ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ്(ക്യുഐഡി) ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി മുതല്‍ മെട്രാഷ് -2വില്‍ ഡിജിറ്റലായി സൂക്ഷിക്കാം. ആര്‍പി, ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്ട്രേഷന്‍, ഫാന്‍സി നമ്പറുകളുടെ ഉടമസ്ഥാവകാശം എന്നീ വ്യക്തിഗത രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ മെട്രാഷിലെ ഇ-വാലറ്റില്‍ സൂക്ഷിക്കാം. ഇത്തരം സുപ്രധാന രേഖകള്‍ ഒപ്പം കരുതേണ്ടതില്ലെന്നതാണ് ഇ-വാലറ്റ് സംവിധാനത്തിന്റെ സവിശേഷത. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍ സേവനങ്ങള്‍ തേടുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരുമായി വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുമ്പോഴും രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഇ-വാലറ്റ് സംവിധാനം ഉപയോഗപ്പെടുത്താം. മെട്രാഷ്-2 ആപ്പിലെ പുതിയ കവാടമാണ് ഇ-വാലറ്റെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ ഹരാമി പറഞ്ഞു. മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ വ്യക്തിഗത രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍ക്കായി ഇ-വാലറ്റ് സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ മുഖേനയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മന്ത്രാലയത്തിന്റെ സേവനങ്ങളിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഇ-വാലറ്റ്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. സുരക്ഷാ, ട്രാഫിക് പട്രോളിങ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഇ-വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ കാണിക്കാനുമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗൂഗിള്‍ ഖത്തറില്‍ ഓഫീസും പരിശീലന കേന്ദ്രവും തുറക്കുന്നു

ഫലസ്തീനെയും ജറുസലേമിനെയുംകുറിച്ച് കൂടുതലറിയാന്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി അവസരമൊരുക്കുന്നു