
ദോഹ: അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തര്‍ ചരിത്രം എന്നീ വിഷയങ്ങള്‍ ഖത്തറില്‍ കിന്റര്‍ഗാര്‍ട്ടനുകള്‍ ഉള്‍പ്പെടെ സ്വകാര്യ സ്കൂളുകളിലും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ 2021ലേക്കുള്ള അക്കാദമിക നയപരിപാടികളാണ് ഈ വിവരം കൈമാറുന്നത്. നേരത്തെ സ്കൂളുകളില്‍ മുസ്ലിംകള്ക്കും തത്പരരായവര്‍ക്കും മാത്രമായിരുന്നു ഈ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നത്.
നിലവില്‍ സ്വകാര്യമേഖലയില്‍ സ്കൂളുകളും കിന്റര്ഗാര്ട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 200,782 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 40,650 ഖത്തരി വിദ്യാര്‍ഥികളാണ്. വരുംവര്‍ഷങ്ങള്‍ കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍ തുറക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഞ്ചുവര്‍ഷ പദ്ധതി അവസാനിക്കുന്നതോടെ സ്വകാര്യ സ്കൂളുകളെ എണ്ണം അഞ്ചൂറിലധികമാകും. സ്കൂളുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് നിലവിലെയും ഭാവിയിലെയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാനാണ് അഞ്ചുവര്‍ഷ പദ്ധതി നടത്തുന്നത്.
കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ മാത്രമാണ് ഇപ്പോള്‍ സ്കൂളുകളില്‍ ക്ലാസ് നടക്കുന്നത്. എന്നാല്‍ കോവിഡ് രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ മേയ് 28 മുതല്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ രീതിയില്‍ ആകെ ശേഷിയുടെ 30 ശതമാനത്തില്‍ ആയിരിക്കും സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
201920 വര്‍ഷത്തെ സ്കൂളുകളിലേക്കുള്ള അക്കാദമിക നയപരിപാടികളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് പുതിയത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയ അധികൃതര്‍ വിശദീകരിച്ചു. സ്വകാര്യ സ്കൂള്‍ വിഭാഗം മേധാവി റാഷിദ് അഹ്മദ് അല്‍അമീരി തയ്യാറാക്കി ഖത്തറിലെ സ്വകാര്യ സ് കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും അയച്ച സര്‍ക്കുലര്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.
1: സ്വകാര്യ സ്കൂളുകളിലുടെയും കിന്റര്ഗാര്ട്ടനകളുടെയും പാഠ്യപദ്ധതിയില്‍ ക്ലാസുകളുടെ ക്രമമനുസരിച്ച് അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തര്‍ ചരിത്രം എന്നീ മൂന്ന് വിഷയങ്ങളും ഉള്‍പ്പെടുത്തണം.
2: എല്ലാ സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും പ്രീ സ്കൂളുകള്‍ മുതല്‍ അറബി ഭാഷയും, ഇസ്ലാമിക വിദ്യാഭ്യാസവും പഠിപ്പിച്ച് തുടങ്ങണം.
3: ഗ്രേഡ് 10, 11, 12 ക്ലാസുകളിലേക്കുള്ള നിബന്ധനകളും നിര്‍ദേശങ്ങളും 2021ലെ 11ാം നമ്പര്‍ മന്ത്രാലയ ഉത്തരവും സ്കൂളുകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
4: 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളില്‍ നിര്‍ബന്ധിത വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്കൂള്‍ വിഭാഗം പരിശോധന നടത്തും.