in

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപനം നടത്തുന്നു

ആര്‍ റിന്‍സ്
ദോഹ

2022 ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ വേദിയായ ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയം കായികലോകത്തിനായി അനാവരണം ചെയ്തു. നിലവിലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു.
ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെയും ബിഇന്‍ സ്‌പോര്‍ട്‌സിന്റെയും ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സംപ്രേഷണമുണ്ടായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ആദരിച്ചുകൊണ്ടായിരുന്നു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.
ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഡിജിറ്റല്‍ പരിപാടിയും ഒരുക്കിയിരുന്നു. കോവിഡിനെ ചെറുക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമങ്ങളോടും പ്രവര്‍ത്തനങ്ങളോടും ആദരവ് പ്രകടിപ്പിച്ചാണ് അമീര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. നിലവിലെ സാഹചര്യങ്ങള്‍ക്കിടയിലും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലെ സുപ്രീംകമ്മിറ്റിയുടെ പ്രതിബദ്ധതയാണ് സ്റ്റേഡിയം പൂര്‍ത്തീകരണത്തില്‍ പ്രതിഫലിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന 40,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിന് മരുഭൂമിയിലെ വജ്രം എന്നാണ് വിശേഷണം. ആഗോള സുസ്ഥിരതാ വിലയിരുത്തല്‍ സംവിധാനത്തിന് കീഴില്‍ പഞ്ചനക്ഷത്ര സുസ്ഥിരതാ റേറ്റിങ്് നേടുന്ന ആദ്യ ലോകകപ്പ് സ്റ്റേഡിയമാണ്.
മിഡില്‍ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യ ഫിഫ ലോകകപ്പിലേക്ക് അതിവേഗം അടുക്കുമ്പോള്‍ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം പൂര്‍ത്തീകരണം മറ്റൊരു നാഴികക്കല്ലാണെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മുന്‍നിര തൊഴിലാളികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതില്‍ അഭിമാനിക്കുന്നു.

നിര്‍മാണം പൂര്‍ത്തിയായ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തപ്പോള്‍


ഒപ്പം 2022ല്‍ ഫുട്‌ബോളിന്റെ ഏകീകൃത ശക്തി ഉപയോഗിച്ച് ലോകത്തെ ഈ സ്റ്റേഡിയത്തിലും മറ്റുള്ളവയിലും ഒരുമിച്ച് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു- അല്‍തവാദി പറഞ്ഞു.
കോവിഡിനെതിരെ പോരാടിയ കഷ്ടപ്പെടുന്ന ഇപ്പോഴും പോരാടുന്നവര്‍ക്ക് പ്രത്യേകം ആദരവ് അര്‍പ്പിക്കുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ അന്തരീക്ഷം കാന്തികാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും.
ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് വിസ്മയകരമായ അനുഭവമായിരിക്കും സ്‌റ്റേഡിയം സമ്മാനിക്കുകയെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. തീര്‍ത്തും ഫുട്‌ബോള്‍ പ്രേമിയുടെ സ്റ്റേഡിയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് പദ്ധതികളെല്ലാം ട്രാക്കിലാണ്. 2022 നവംബര്‍ 21ലെ കിക്കോഫിനു മുന്‍പ് കൂടുതല്‍ നാഴികക്കല്ലുകള്‍ സ്വന്തമാക്കുമെന്ന് സുപ്രീംകമ്മിറ്റി ഓപ്പറേഷന്‍സ് ഓഫീസ് ചെയര്‍മാന്‍ യാസിര്‍ അല്‍ജമാല്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് രണ്ട് സ്റ്റേഡിയങ്ങള്‍ കൂടി പൂര്‍ത്തിയാകും. 40,000 ശേഷിയുള്ള അല്‍റയ്യാന്‍ സ്റ്റേഡിയവും 60,000 ഇരിപ്പിട ശേഷിയുള്ള അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയവും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ല്‍ ഫുട്‌ബോള്‍ ലോകത്തിനും ടൂര്‍ണമെന്റിനുശേഷം ഖത്തറിന്റെ വരുംതലമുറകള്‍ക്കും കേന്ദ്രബിന്ദുവായിരിക്കും എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രസിഡന്റ്് മാഷെയ്‌ലെ അല്‍നഈമി പറഞ്ഞു.
ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ സ്റ്റേഡിയമാണിത്. കഴിഞ്ഞവര്‍ഷം അല്‍വഖ്‌റയില്‍ അല്‍ജാനൂബ് സ്റ്റേഡിയം തുറന്നിരുന്നു. ഫിഫ ലോകകപ്പിനായി ഖത്തറില്‍ ആദ്യം സജ്ജമായത് നവീകരിച്ച ഖലീഫ രാജ്യാന്തര സ്്‌റ്റേഡിയമായിരുന്നു. 2017ല്‍ അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ചായിരുന്നു ഖലീഫ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. ദോഹ മെട്രോയുടെ ഗ്രീന്‍ലൈന്‍ മുഖേന ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് എജ്യൂക്കേഷന്‍ സ്‌റ്റേഡിയത്തിലെത്താനാകും. മെട്രോയുടെ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഷനില്‍ നിന്നും കേവലം 500 മീറ്റര്‍ അകലെ മാത്രമാണ് സ്‌റ്റേഡിയം. മെട്രോയുടെ സിംഗിള്‍ ടിക്കറ്റിന് മൂന്നു റിയാലും ഡേ പാസിന് ഒന്‍പത് റിയാലുമാണ് നിരക്ക്. ഊൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്‌ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ രൂപഘടന.
ഓര്‍മകള്‍ നിലനിര്‍ത്തി രാജ്യത്തിനും മേഖലക്കും ഭാവിയിലേക്ക് കൂടി മൂല്യമേറിയ അനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് നിര്‍മാണം. സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് നടക്കുന്നത്.

സ്‌റ്റേഡിയം: പ്രധാന സവിശേഷതകള്‍

ദോഹ: വിജ്ഞാനത്തിന്റെയും പുതുമയുടെയും കേന്ദ്രമായ എജ്യൂക്കേഷന്‍ സിറ്റിയിലെ സ്റ്റേഡിയത്തിന്റെ ലാന്‍ഡ്‌സ്‌കേപ്പ് കട്ടിങ്-എഡ്ജ് ഗവേഷണത്തിലൂടെയാണ് വികസിപ്പിച്ചത്. മരുഭൂമിയിലെ വജ്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഡയമണ്ടിന്റെ മാതൃകയിലാണ് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ ഡിസൈന്‍.
സ്റ്റേഡിയത്തിന്റെ മുന്‍ഭാഗത്ത് ത്രികോണങ്ങളാണ്. അവ സങ്കീര്‍ണവും വജ്രസമാനവുമായ ജ്യാമിതീയ പാറ്റേണുകള്‍ രൂപപ്പെടുത്തുന്നു. സൂര്യവലയത്തിനനുസരിച്ച് സ്റ്റേഡിയത്തിന്റെ കളറിലും മാറ്റം പ്രതിഫലിക്കും.
മനോഹരമായ കാഴ്ചാനുഭവം പകരുന്നതിനൊപ്പം സുസ്ഥിര വികസനത്തിന്റെ എല്ലാക്കാലത്തേക്കുമുള്ള ഉദാഹരണം കൂടിയായി സ്റ്റേഡിയം നിലനില്‍ക്കും. കൃത്യമായ അളവിലല്ലാതെ മുറിച്ച അതല്ലെങ്കില്‍ വൃത്തിയായിട്ടല്ലാതെ മുറിച്ച ഒരു ഡയമണ്ടിന്റെ(ജാഗ്ഡ് ഡയമണ്ട്) ആകൃതി സ്റ്റേഡിയത്തിന് പുതിയ കാഴ്ചാനുഭവം പകരും. പകല്‍ സമയങ്ങളില്‍ വെട്ടിത്തിളങ്ങുകയും ജ്വലിക്കുകയും ചെയ്യുന്ന സ്റ്റേഡിയം രാത്രിയില്‍ ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയും ചെയ്യുന്ന നിലയിലാണ് സ്റ്റേഡിയം.
വജ്രത്തിന്റെ സവിശേഷതകള്‍ പോലെയാണ് സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പന. ഗുണനിലവാരം ഈടുനില്‍ക്കല്‍ എന്നിവയെല്ലാം ഉറപ്പാക്കുന്നു. അമൂല്യമായ ഒന്നായാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. 40,000 ഇരിപ്പിടശേഷിലോകകപ്പ് മത്സരത്തിന് ശേഷം 20,000 ആയി ചുരുക്കും. ടൂര്‍ണമെന്റിന് ശേഷം 20,000 സീറ്റുകള്‍ കായിക അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകളുള്ള രാജ്യങ്ങളിലെ കായികപരിപാടികള്‍ക്കായി നല്‍കും. ഖത്തര്‍ 2022ന്റെ പാരമ്പര്യം തുടര്‍ന്നും നീണ്ടുനില്‍ക്കും. ആഗോള സുസ്ഥിരതാ വിലയിരുത്തല്‍ സംവിധാനത്തിന്റെ(ഗ്ലോബല്‍ സസ്‌റ്റെയ്‌നബിലിറ്റി അസെസ്‌മെന്റ് സിസ്റ്റം- ജിഎസ്എഎസ്) ഫൈവ് സ്റ്റാര്‍ ഡിസൈന്‍- ബില്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സ്‌റ്റേഡിയത്തിന് ലഭിച്ചിരുന്നു.
ഖത്തര്‍ ഫൗണ്ടേഷന്റെ ഫാക്കല്‍റ്റികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുഴുവന്‍ ക്യുഎഫ് സമൂഹത്തിനും സ്റ്റേഡിയം കായിക സൗകര്യങ്ങള്‍ ഒരുക്കും. ടൂര്‍ണമെന്റിനുശേഷം സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ ക്ലാസ് മുറികളായും ക്യുഎഫ് സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമുള്ള ഇവന്റ് ഇടങ്ങളായും മാറ്റും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂണ്‍ 15) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

വന്ദേഭാരത് മിഷന്‍: 366 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി