in , ,

ഖത്തറില്‍ പെരുന്നാളാഘോഷം നിയന്ത്രണങ്ങളോടെ; ഫലസ്തീനു വേണ്ടി പ്രാര്‍ത്ഥനാ സമ്പന്നമായി ഈദ്ഗാഹ്

അമീറും പിതാവ് അമീറും അല്‍വജ്്ബ ഈദ്ഗാഹില്‍ പങ്കെടുത്തു

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍വജ്ബയിലെ ഈദ്ഗാഹില്‍.
ഫോട്ടോ: ക്യു എന്‍ എ

ദോഹ: മഹാമാരിയുടെ പ്രതിസന്ധിക്കിടയില്‍ ബൈത്തുല്‍ മുഖദ്ദസില്‍ സയണിസ്റ്റ് ഭീകരര്‍ നടത്തിയ അതിക്രമമുണ്ടാക്കിയ വേദനയുമായി വിശ്വാസികള്‍ കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ട് ഖത്തറില്‍ ഫിത്വര്‍ പെരുന്നാള്‍ ആഘോഷിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 1028 പള്ളികളിലും പ്രാര്‍ഥനാ ഗ്രൗണ്ടുകളിലുമായാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്. രാവിലെ 5.05നായിരുന്നു നമസ്‌കാരം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അല്‍വജ്്ബ ഈദ്ഗാഹില്‍ പങ്കാളികളായി. ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈദ്ഗാഹിനെത്തി. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെയായിരുന്നു ഈദ്ഗാഹ്. കൂടുതല്‍ സമയമെടുക്കാതിരിക്കാനും ഇമാമുമാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഈദ്ഗാഹില്‍ പങ്കെടുത്തപ്പോള്‍

അല്‍വജ്ബയിലും മറ്റ് ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ ഖുതുബയില്‍ പൊരുതുന്ന ഫലസ്തീന് ജനതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടന്നു. വിശുദ്ധഭൂമിയില്‍ പെരുന്നാള്‍ ദിനത്തിലും പൊരുതേണ്ടി വരുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാന്‍ ഇമാമുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഈദുഗാഹുകളിലും പള്ളികളിലും കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം നേരത്തെ തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. വുദുവെടുത്ത് മാസ്‌ക്ക് ധരിച്ച് പ്രത്യേകം മുസല്ലയുമായാണ് വിശ്വാസികള്‍ എത്തിയത്.

സാമൂഹിക അകലം പാലിച്ചു നടന്ന ഈദ്ഗാഹ്

ഒന്നര മീറ്റര്‍ സുരക്ഷിത അകലം പാലിച്ചിരുന്നു. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ പ്രാര്‍്ത്ഥനക്കെത്തിയില്ല. ഇഹ്‌തെരാസ് ആപ്പിലെ ആരോഗ്യനില പച്ചയായവര്‍ മാത്രമേ പങ്കെടുത്തുള്ളൂ. ചടങ്ങുകളിലെത്തിയവര്‍ പരസ്പരം ഹസ്തദാനം നല്‍കിയില്ല.
വൈകീട്ട് വിവിധ ബീച്ചുകളിലും കോര്‍ണിഷിലും പെരുന്നാളാഘോഷിക്കാനെത്തിയവരുണ്ടായിരുന്നു. കുറഞ്ഞ ശേഷിയില്‍ മെട്രോ ഉള്‍പ്പെടെ പൊതു യാത്രാ സംവിധാനമുണ്ടായതും വിശ്വാസികള്‍ക്ക് ആശ്വാസമായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

12 മുതല്‍ 15 വയസുവരെ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനൊരുങ്ങി ഖത്തര്‍

ഇസ്രാഈല്‍ നരനായാട്ട് അവസാനിപ്പിക്കുക; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ ആയിരങ്ങളുടെ ഒത്തുചേരല്‍