in

ഈദുല്‍ അദ്ഹ അവധി: വിപുലമായ തയാറെടുപ്പുകളുമായി ആഭ്യന്തരമന്ത്രാലയം

ദോഹ: ഈദുല്‍അദ്ഹ അവധിയുമായി ബന്ധപ്പെട്ട് എല്ലാ തയാറെടുപ്പുകളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ആഭ്യന്തരമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടം പ്രാബല്യത്തിലായ സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷയും സമാധാനവും ആസ്വദിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ, ഗതാഗത സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷാസേവനങ്ങള്‍ എല്ലാ സമയത്തും ലഭ്യമാക്കും. ചില സുരക്ഷാസംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്ത് അടിയന്തരസാഹചര്യങ്ങളും സംഭവങ്ങളുമുണ്ടായാലും പ്രതികരിക്കാന്‍ സജ്ജമായിരിക്കും. നാഷണല്‍ കമാന്‍ഡ് സെന്റര്‍, ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടറേറ്റ്, അതിര്‍ത്തി- തീര സുരക്ഷ, അല്‍ഫസ പോലീസ്, കമ്യൂണിറ്റി പോലീസിങ്, വിവിധ മേഖലകളിലെ സുരക്ഷാ വകുപ്പുകള്‍, എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ആന്റ് സെക്യൂരിറ്റി, മറ്റു സേവന- സുരക്ഷാ വിഭാഗങ്ങള്‍ എന്നിവയെല്ലാം ഈദ് അവധി മുന്‍നിര്‍ത്തി തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. അവധിക്കാലത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ഗതാഗത തടസങ്ങളും അപകടങ്ങളും നിയമലംഘനങ്ങളും പ്രതിരോധിക്കുന്നതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രാഫിക് പട്രോള്‍ സംഘത്തെ വിന്യസിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനായി കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫി്ക് അഡ്മിനിസ്‌ട്രേഷന്‍ മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹമദ് അലി അല്‍മിസ്‌നദ് പറഞ്ഞു. ഈദുല്‍ അദ്ഹ നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലും സമീപ സ്ട്രീറ്റുകളിലും ട്രാഫിക് പട്രോള്‍ സംഘമുണ്ടാകും. വാണിജ്യകോംപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും പട്രോള്‍ ശക്തമാക്കും. റോഡ് ഉപയോക്താക്കള്‍ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പിന്തുടരുകയും ജാഗ്രതയോടെ വാഹനങ്ങള്‍ ഓടിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കണം. അമിതവേഗത പാടില്ല. വാഹനമോടിക്കുമ്പോള്‍ സെല്‍ഫോണ്‍ ഉപയോഗിക്കരുത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വകുപ്പ്് എല്ലാ സമയവും പ്രവര്‍ത്തിക്കും.കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടം പ്രാബല്യത്തിലായതോടെ ഈദ് നമസ്‌കാരത്തിനായി പള്ളികളും പ്രാര്‍ഥനാസ്ഥലങ്ങളും സജ്ജമാക്കിയ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ആശ്വാസവും സമാധാനവും ഉറപ്പാക്കാന്‍ സജ്ജമാണെന്ന് ദേശീയ കമാന്‍ഡ് സെന്റര്‍(എന്‍സിസി) മേധാവി മേജര്‍ ജനറല്‍ ഖലീഫ അബ്ദുല്ല അല്‍നുഐമി പറഞ്ഞു.
എമര്‍ജന്‍സി സര്‍വീസായ 999ലേക്ക് വരുന്ന കോളുകളെല്ലാം സ്വീകരിക്കുകയും ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറുകയും ചെയ്യും. 999ലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനും ആംബുലന്‍സ് സേവനങ്ങളുമായി ഏകോപിപ്പിക്കുന്നതിനുമായാണ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദേശീയ കമാന്‍ഡ് സെന്ററിന്റെ ഓപ്പറേഷന്‍ റൂം ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഈദ് ദിനങ്ങളില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കും.
ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഫോളോഅപ്പ് നടത്തുകയും സെക്യൂരിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി സര്‍വീസ് സ്‌റ്റേഷന്‍ എന്നിവ മുഖേന പട്രോള്‍ സംഘങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും. പൊതുജനങ്ങള്‍ക്കായി മാനുഷിക സേവനങ്ങളും ലഭ്യമാക്കും. പൊതുവായ കാര്യങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.
ആസ്പത്രികളെയും ആംബുലന്‍സുകളെയും ബന്ധപ്പെടാനുള്ള സൗകര്യം, അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ കൊണ്ടുപോകല്‍, മറ്റു സേവനങ്ങള്‍ എന്നിവ ഉറപ്പാക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദക്ഷിണ സുഡാനിലേക്ക് ഖത്തര്‍ മെഡിക്കല്‍ സഹായം

സിവില്‍ഡിഫന്‍സും സജ്ജം; തീര സുരക്ഷ ശക്തിപ്പെടുത്തും