ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ ചന്ദ്രപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് നാളെ റമദാന് മുപ്പത് പൂര്‍ത്തിയാക്കി മെയ് 13 വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 1028 പള്ളികളിലും പ്രാര്‍ഥനാ ഗ്രൗണ്ടുകളിലുമായി രാവിലെ 5.05ന് പെരുന്നാള്‍ നമസ്ക്കാരം നടക്കും. പുലര്‍ച്ചെ ഈദ് നമസ്കാരത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ സാഹചര്യത്തിലാണ് കൂടുതല്‍ പള്ളികളില്‍ നമസ്കാരത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രാര്‍ഥനാസ്ഥലത്ത് ഉള്ളിടത്തോളം മാസ്ക്ക് ധരിക്കണം. നമസ്കാരപായ കൊണ്ടുവരണം. ഒന്നര മീറ്റര്‍ സുരക്ഷിത അകലം പാലിക്കണം. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. വനിതകള്‍ക്കായുള്ള നമസ്കാര സ്ഥലങ്ങളും അടക്കും. ഇഹ്തെരാസ് ആപ്പിലെ ആരോഗ്യനില പച്ചയായിരിക്കണം. പരസ്പരം ഹസ്തദാനം നല്‍കരുത്. പള്ളിയുടെ വാതിലില്‍ തിരക്കുകൂട്ടരുത്. വിശ്വാസികള്‍ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിക്കണം. കേരളത്തിലും ഇന്ന് എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ റമദാന് 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും