in

ഇന്ത്യന്‍ സാമൂഹിക സംഘടനകളിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 26ന്

ഐബിപിസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കും

ദോഹ: ഇന്ത്യന്‍ എംബസി അപ്പെക്സ് സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 26ന് നടക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെയാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനവും അന്നുതന്നെയാണ്. ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്തമാസം കാലാവധി അവസാനിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി) ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി), എന്നീ അപ്പെക്സ് സംഘടനകളിലെ തെരഞ്ഞെടുപ്പാണ് 26ന് നടക്കുക. മൂന്നു സംഘടനകളുടെയും പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍(നാലു തസ്തികകള്‍), അസോസിയേറ്റ് സംഘടനകളുടെ പ്രതിനിധികള്‍(മൂന്നു തസ്തികകള്‍) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. അതേസമയം ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സിലി (ഐബിപിസി)ലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഐബിപിസിയുടെ പ്രവര്‍ത്തനങ്ങളും ഘടനയും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാണിജ്യ നിക്ഷേപ മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഉള്‍പ്പടെ ഐബിപിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും കമ്മിറ്റി ശുപാര്‍ശകള്‍ നല്‍കും. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിച്ചശേഷമായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുക. കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ ഐബിപിസിയുടെ നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരും. ഐസിസി, ഐസിബിഎഫ്, ഐഎസ്‌സി എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ പതിമൂന്ന് വൈകുന്നേരം അഞ്ചുവരെയാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 16ന് വൈകുന്നേരം അഞ്ചുവരെ. 18ന് അന്തിമ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും 26ന് നടക്കും. സമയക്രമം പിന്നീട് പ്രഖ്യാപിക്കും. നിര്‍ദേശിക്കപ്പെട്ട മാതൃകയില്‍ ബന്ധപ്പെട്ട കോര്‍ഡിനേറ്റിങ് ഓഫീസര്‍മാര്‍ക്കായിരിക്കണം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വോട്ടിങ് ആപ്പ്, തെരഞ്ഞെടുപ്പ് പ്രക്രിയ്യ എന്നിവയുമായി ബന്ധപ്പെട്ട് സൂം യോഗങ്ങള്‍ സംഘടിപ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കൂടുതല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങും