
- എല്‍മറിന്റെ ടീസര്‍ ലാല്‍ജോസ് റിലീസ് ചെയ്തു
ദോഹ: പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച മലയാള സിനിമ ‘എല്‍മര്‍’ റിലീസിനൊരുങ്ങുന്നു. സിനിമയുടെ ചിത്രീകരണനാന്തര പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഖത്തറിന്റെ പ്രകൃതിഭംഗിയും സൗന്ദര്യവും സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസി മലയാളയായ രാജേശ്വര് ഗോവിന്ദന് നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗോപി കുറ്റിക്കോലാണ്. സിനിമയുടെ ടീസര്‍ ഇന്നു രാവിലെ റിലീസ് ചെയ്തു. പ്രമുഖ സംവിധായകന് ലാല്‍ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സന്തോഷ് കീഴാറ്റുരും ഖത്തറിലെ മലയാളി വിദ്യാര്‍ഥിയും എറണാകുളം സ്വദേശിയുമായ മാസ്റ്റര്‍ ദേവുമാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഖത്തറിലെ പ്രവസികളായ 60-ഓളം നടിനടന്മാരും വിവിധ കഥാപാത്രങ്ങളായെത്തുന്നു. റഫീക്ക് അഹമ്മദാണ് ഗാനരചന. സംഗീതം അജയ്കുമാര്‍. ഒരു ഗാനം ആലപിച്ചിരിക്കുന്നത് വിഖ്യാത ഗായകന് ഹരിഹരനാണ്. കുട്ടികളുടെ ഒരു ഗാനം കാഞ്ഞങ്ങാട് രാമചന്ദ്രന് സംഗീതം നല്കി രാമപ്രിയ പാടിയിട്ടുണ്ട്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിസ്ബിന്‍ സെബാസ്റ്റ്യന്‍. എഡിറ്റിങ് ലിന്റോ തോമസ്. ഷഫീര്‍ എളവള്ളിയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. റഹീപ് മീഡിയയാണ് ക്യാമറാ യൂണിറ്റ്. കോവിഡ് ഭീഷണിക്കിടയിലും ചിത്രത്തിന്റെ അവസാന ജോലികള്‍ പൂര്‍ത്തിയാക്കാനായതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അടുത്തവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.