
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തെത്തുടര്‍ന്ന് സാഹചര്യങ്ങള്‍ മാറിയിട്ടും ജനങ്ങള്‍ക്ക് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഹമദ് ജനറല്‍ ആസ്പത്രി, അനുബന്ധ ആസ്പത്രികള്‍ എന്നിവ മുഖേന പൊതുജനങ്ങള്‍ക്കായി അടിയന്തര സേവനങ്ങള്‍ തുടരുന്നതായി എച്ച്എംസിയിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ.അഹമ്മദ് അല്‍മുഹമ്മദ് പറഞ്ഞു.
അടിയന്തര കേസുകള്‍ക്ക് വിവിധ അത്യാഹിത വിഭാഗങ്ങളിലേക്ക് പോകാം. എന്നാല്‍ അടിയന്തരമല്ലാത്ത കേസുകള്‍ മാറ്റിവെച്ചിട്ടുണ്ട്. മറ്റു ആസ്പത്രികളില്‍ കോവിഡ് കേസുകള്‍ക്കായി മെഡിക്കല്‍ ടീമുകളെ നിയോഗിച്ചിരിക്കുന്നതിനാലാണ് ഈ ക്രമീകരണം. കോവിഡ്-19 കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടില്ലാത്ത ആസ്പത്രികളില്‍ ഓരോ ആഴ്ചയും 25,000ലധികം വിദൂര മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ ലഭ്യമാക്കുന്നുണ്ട്.ഈ സേവനങ്ങള്‍ മുമ്പ് ലഭ്യമായിരുന്നില്ല, മാത്രമല്ല പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ സേവനങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണ്- ഡോ.അല്‍മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പ്രസവ ചികിത്സാ പരിചരണ ടീമുകള്‍ ആഴ്ചയില്‍ 400ലധികം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 550ലധികം അര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പി സേവനം നല്‍കുന്നു. ആഴ്ചയില്‍ 5000ലധികം എമര്‍ജന്‍സി കോളുകളോടു ആംബുലന്‍സ് സേവനം പ്രതികരിക്കുന്നു. അടിയന്തര ആരോഗ്യ പരിചരണ വിഭാഗങ്ങളില്‍ 20,000ലധികം സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം സൂചിപ്പിക്കുന്നത് മുന്‍പത്തെപോലെതന്നെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അവ നല്‍കുന്നത് തുടരുന്നുമെന്നുമാണ്. കോവിഡിനെ നേരിടുമ്പോള്‍ തന്നെ മറ്റു ആരോഗ്യസേവനങ്ങളും നല്‍കാതിരിക്കാനാകില്ല. കോവിഡ് പ്രതിസന്ധിയോടു ഫലപ്രദമായി പ്രതികരിക്കുമ്പോള്‍തന്നെ പ്രധാന ആരോഗ്യസേവനങ്ങള്‍ തുടര്‍ന്നും നല്‍കേണ്ടത് അത്യാവശ്യമാണ്. കോവിഡ് -19 രോഗികള്‍ക്കും മറ്റ് രോഗികള്‍ക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച പുതിയ സംരംഭങ്ങളിലൊന്നായ 16000 എന്ന ഹോട്ട്ലൈന്‍ മുഖേന നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ഡോ. അല്‍മുഹമ്മദ് വിശദീകരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനും നല്‍കുന്ന സേവനങ്ങളും പുതിയ മെഡിസിന്‍ ഡെലിവറി സേവനവും ലഭ്യമാക്കുന്നതിനായി വിര്‍ച്വല്‍ സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ഈ ഹോട്ട്ലൈന്‍ മുഖേന മനശാസ്ത്രപരമായ പിന്തുണയും പൊതുജനങ്ങള്‍ക്കും ആസ്പത്രികളിലെ രോഗികള്‍ക്കും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.