
- ഉപരോധം അയല്‍രാജ്യങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് യുഎസ് നയതന്ത്രജ്ഞന്‍
- ചര്‍ച്ചകളില്‍ വഴക്കത്തിന്റെയും അനുനയത്തിന്റെയും സൂചനകള്‍
- തെരഞ്ഞെടുപ്പിനു മുമ്പ് നേട്ടങ്ങളുടെ പട്ടികയില്‍ പ്രശ്‌ന പരിഹാരവുമുള്‍പ്പെടുത്താന്‍ ട്രംപ്
ദോഹ: ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ മൂന്നുവര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തര്‍ ഉപരോധം അയല്‍രാജ്യങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചേക്കുമെന്ന് മിഡില്‍ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ഉന്നത യുഎസ് നയതന്ത്രജ്ഞര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ആഴ്ചകള്‍ക്കുള്ളില്‍ പുരോഗതി കൈവരിച്ചേക്കുമെന്നാണ് സൂചന. ചര്‍ച്ചകളില്‍ വഴക്കത്തിന്റെയും അനുനയത്തിന്റെയും സൂചനകളുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഉപരോധ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരെ ഈ ജൂലൈയില്‍ ഖത്തറിന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്നും അനുകൂല വിധി ലഭിച്ചിരുന്നു. വാഷിങ്ടണ്‍ ഡിസി കേന്ദ്രമായുള്ള ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച വിര്‍ച്വല്‍ പരിപാടിയില്‍ പങ്കെടുക്കവെ ഉന്നത യുഎസ് ഡിപ്ലോമാറ്റ് ഡേവിഡ് ഷെന്‍കര്‍ ഉപരോധം പരിഹരിക്കുന്നതിലെ പുരോഗതിയെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. പൂര്‍ണമായ നയതന്ത്രത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ ചില മുന്നേറ്റങ്ങളുണ്ടെന്നും ഷെന്‍കര്‍ പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരസാധ്യതയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല, എന്നാലിപ്പോള്‍ ഞങ്ങള്‍ വാതില്‍ തുറന്നിടാന്‍ പോകുന്നു. സംഭാഷണത്തില്‍ കുറച്ചുകൂടി വഴക്കം കണ്ടെത്തുന്നു. അതിനാല്‍ ഇരുപക്ഷങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ഷെന്‍കര്‍ പറഞ്ഞു. വിള്ളല്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന തലത്തില്‍ വാഷിംഗ്ടണ്‍ പങ്കാളിയാണെന്ന് ഷെന്‍കര്‍ പറഞ്ഞു. ഇറാനെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തിയ ഗള്‍ഫ് വിള്ളലിന് മധ്യസ്ഥത വഹിക്കാന്‍ കുവൈത്തും അമേരിക്കയും ശ്രമിച്ചുവരികയാണ്.
2017 ജൂണിലാണ് അടിസ്ഥാനരഹിതായ ആരോപണങ്ങളുയര്‍ത്തി സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ ആരോപണങ്ങളും ഖത്തര്‍ ശക്തമായി നിഷേധിച്ചിരുന്നു. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കൊണ്ടുവരാന്‍ പോലും ഉപരോധ രാജ്യങ്ങള്‍ക്കായില്ല.
പ്രതിസന്ധി പരിഹരിക്കുന്നതിന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് അടച്ചുപൂട്ടുക, തുര്‍ക്കി സൈനിക താവളം അടക്കുക, ഇറാനുമായുള്ള ബന്ധം തരംതാഴ്ത്തുക, മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നിവ ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങളായിരുന്നു ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നത്. സഊദി, ഇമറാത്തി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കത്തില്‍ ഖത്തറിനെതിരെ നിലകൊണ്ടെങ്കിലും പിന്നീട് പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടം ഗള്‍ഫില്‍ നയതന്ത്രം ശക്തമാക്കിയിട്ടുണ്ട്.