
ദോഹ: ദോഹ കോര്‍ണീഷിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ പഠനവിധേയമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറില്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രവും(ഇഎസ്സി) എക്സോണ്‍ മൊബീല്‍ റിസര്‍ച്ച് ഖത്തറും(ഇഎംആര്ക്യു) നേരത്തെ ഒപ്പുവെച്ചിരുന്നു. വിശദമായ പരിസ്ഥിതി പഠന പദ്ധതിയാണ് നടപ്പാക്കുന്നത്.
ഈ മേഖലയിലെ പാരിസ്ഥിതിക- ആവാസവ്യവസ്ഥയെക്കുറിച്ച മനസിലാക്കുന്നതിനും മലിനീകരണ സാധ്യതകളെക്കുറിച്ചും മനസിലാക്കുന്നതിനുള്ള ആദ്യ ശ്രമമെന്ന നിലയിലാണ് പഠനം. ദോഹയുടെ ഹൃദയഭാഗമാണ് കോര്‍ണീഷ്. ഈ മേഖലയില്‍ ധാരാളം സമുദ്രോത്പന്നങ്ങളും സമുദ്രജീവികളുമുണ്ട്. അതേസമയം മാനുഷികപ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ വളരെ സജീവമാണ്. ജീവന്റെയും വെള്ളത്തിന്റെയും ഗുണനിലവാരം ക്രമേണ കുറയാനിടയാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അപകടകരമായ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ഈ മേഖലയിലെ ജൈവവ്യവസ്ഥ പുനസ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഇഎസ്സി ഡയറക്ടര്‍ പ്രൊഫ. ഹമദ് അല്‍സാദ് അല്‍കുവാരി ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയുടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സമുദ്ര ജൈവവൈവിധ്യം പുനസ്ഥാപിക്കുന്നതിനും നിര്‍ണായക സംഭാവനകള്‍ നല്കാന് പദ്ധതിയിലൂടെ സാധിക്കും. കോര്‍ണീഷിന്റെ പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് ലക്ഷ്യമിടുന്നതെന്ന് ഇഎംആര്ക്യു റിസര്‍ച്ച് ഡയറക്ടര്‍ ഡോ.മുഹമ്മദ് യാക്കൂബ് അല്‍സുലൈത്തി പറഞ്ഞു.