
കടലില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് തീരസുരക്ഷാ സേന
അശ്റഫ് തൂണേരി/ദോഹ:
.”താന്‍ പോലും ഒരു വേള മുങ്ങിപ്പോവുമെന്ന് തോന്നി. അത്രക്കും ആഴമുള്ള ഒരു സ്ഥലമായിരുന്നു. പടച്ചവന്റെ അനുഗ്രഹത്താല്‍ അവരെ കരക്കെത്തിക്കാനായി” ഈദുല്‍ അദ്ഹ ആഘോഷിക്കാനായി അല്ദഖീറയിലെത്തി കടലില്‍ കുളിക്കവെ അപകടത്തില്‍പെട്ട കുട്ടികളെ രക്ഷിച്ച മലയാളി തന്റെ അനുഭവം പറയുന്നു. കോഴിക്കോട് സ്വദേശികളായ 8, 12 വയസ്സുള്ള രണ്ടുകുട്ടികളെയാണ് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് സ്വദേശിയും ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ബിന്‍ഉംറാന്‍ ഓഫീസില്‍ ജീവനക്കാരനുമായ അഷ്റഫ് കെ.ഇ കടലില്‍ ചാടി രക്ഷിച്ചത്. തന്റെ നാട്ടുകാര്‍ക്കൊപ്പം അല്‍ഖോറിലെ അല്ദഖീറയിലെത്തിയ അഷ്റഫ് മീന്‍പിടിക്കുകയായിരുന്നു. ഇതിനിടെയാണ് ദൂരെ നിന്ന് സ്ത്രീകളുടേയും കുട്ടികളുടേയും നിലവിളി കേട്ടത്. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും തുടര്‍ച്ചയായി നിലവിളി കേട്ടപ്പോള്‍ അങ്ങോട്ടോടി.

”ഒരു ചെറിയ കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ അവനെയെടുക്കാനായി മുങ്ങിയപ്പോള്‍ മറ്റൊരു കൈ തടഞ്ഞു. അത് മറ്റൊരു കുട്ടിയുടേതായിരുന്നു. അങ്ങിനെ രണ്ടുപേരേയും മുങ്ങിയെടുത്ത് കരക്കെത്തിച്ചു”. അഷ്റഫ് ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യോട് പറഞ്ഞു. ചില ഭാഗത്തുള്ള ആഴം മനസ്സിലാവില്ല. കുട്ടികളും അങ്ങിനെ ആ ഭാഗത്തേക്ക് തെന്നിപ്പോയതാവാം. കുട്ടികളെ കരക്കെത്തിച്ചപ്പോഴേക്കും തീര സേന അവിടെയെത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള സന്നദ്ധത അറിയിച്ചുവെങ്കിലും കുട്ടികള്‍ ശ്വാസം വീണ്ടെടുത്തതോടെ അതുപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സംഘമായെത്തിയ തങ്ങളോട് അവിടെ നിന്ന് കുളിക്കരുതെന്ന് തീര സുരക്ഷാ സേന വന്നു പറഞ്ഞിരുന്നുവെന്നും അഷ്റഫ് വ്യക്തമാക്കി.
എട്ടു വയസ്സുള്ള ആണ്‍കുട്ടിയേയും 12 വയസ്സുള്ള പെണ്‍കുട്ടിയുമാണ് അഷ്റഫ് അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
അല്ദഖീറയില് കുളിക്കുന്നത് അപകടകരമാണെന്ന് നേരത്തെ തന്നെ തീര സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കിയതാണ്. കുട്ടികള്‍ കടലില്‍ കുളിക്കാനിറങ്ങുമ്പോള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കീഴുപറമ്പ്, കോട്ട അബ്ദുസ്സലാമിന്റേയും കുഞ്ഞാമിനയുടേയും മകനായ അഷ്റഫ് ഭാര്യ അംന പട്ടര്‍ക്കടവനും മക്കളായ ആയിഷ നഷ, അലീന, അര്‍ഷ് അഷ്റഫ് എന്നിവര്‍ക്കുമൊപ്പമാണ് ദോഹയില്‍ താമസം.
അഷ്റഫിന് അഭിനന്ദന പ്രവാഹം
കീഴുപറമ്പ് പഞ്ചായത്ത് വെല്‍ഫെയര്‍ അസോസിയേഷന് വൈസ് പ്രസിഡന്റും ചാലിയാര്‍ ദോഹയുടെ പ്രവര്‍ത്തകനുമായ അഷ്റഫിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ രണ്ട് ജീവന് രക്ഷിക്കാനായതില്‍ നാട്ടുകാരും സംഘടനകളും ആഹ്ലാദത്തിലാണ്. വിവിധ സംഘടനകള്‍ അഭിനന്ദനമറിയിച്ചു. വിവിധ മാധ്യമങ്ങളിലൂടേയും സോഷ്യല്മീഡിയകളിലൂടേയും കാര്യമറിഞ്ഞു വിളിക്കുന്നവര്‍ ഏറെയാണ്. ചാലിയാല്‍ കുടുംബാംഗവും കീഴുപറമ്പുകാരനുമായ കെ.ഇ അഷ്റഫിന്റെ സേവനവും കരുത്തുള്ള മനസ്സും ഏവര്‍ക്കും മാതൃകയാണെന്ന് ചാലിയാര്‍ ദോഹ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.