in

സുഹൈം ബിന്‍ ഹമദിലെ ട്രാക്കുണര്‍ന്നു; ആവേശോജ്വലമായി ദോഹ ഡയമണ്ട് ലീഗ്‌

400 മീറ്ററില്‍ അമേരിക്കയുടെ കഹ്മാരി മോണ്ട്‌ഗോമെറി ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. ഈയിനത്തില്‍ ഖത്തറിന്റെ മുഹമ്മദ് നാസിര്‍ അബ്ബാസാണ് മൂന്നാമത്.

ദോഹ ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനവുമായി ഖത്തറിന്റെ മുഹമ്മദ് നാസിര്‍ അബ്ബാസ്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന ലീഗില്‍ പുരുഷന്‍മാരുടെ 400 മീറ്ററില്‍ ഖത്തറിന്റെ മുഹമ്മദ് നാസിര്‍ അബ്ബാസിന് മൂന്നാംസ്ഥാനം. 45.96 സെക്കന്റില്‍ ഓടിയെത്തിയാണ് അഭിമാനകരമായ നേട്ടം ഖത്തര്‍ താരം സ്വന്തമാക്കിയത്. സീസണിലെ അബ്ബാസിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം ഓടിയാണ് അബ്ബാസ് മൂന്നാം സ്ഥാനം നേടിയതെന്നത് തിളക്കമേറ്റുന്നു. എന്നാല്‍ 45.15 സെക്കന്റ് എന്ന തന്നെ മികച്ച വ്യക്തിഗത പ്രകടനം ആവര്‍ത്തിക്കാന്‍ അബ്ബാസിനായില്ല. എങ്കിലും വരും ചാമ്പ്യന്‍ഷിപ്പുകളില്‍ ആത്മവിശ്വാസത്തോടെ പങ്കെടുക്കാന്‍ അബ്ബാസിന് പ്രചോദനമാകും ഈ നേട്ടം. 45.55 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ കഹ്മാരി മോണ്ട്‌ഗോമെറിയാണ് ഒന്നാമതെത്തിയത്. കുവൈത്തിന്റെ യൂസുഫ് കരം രണ്ടാമത്, 45.72 സെക്കന്റിലാണ് കുവൈത്ത് താരം ഫിനിഷ് ചെയ്തത്.
പോള്‍വോള്‍ട്ടില്‍ ലോകറെക്കോര്‍ഡ് ജേതാവ് സ്വീഡന്റെ അര്‍മന്റ് ഡ്യുപ്ലന്റിസ് ജേതാവായി. 5.82 മീറ്റര്‍ ആദ്യശ്രമത്തില്‍ മറികടന്ന ഡ്യുപ്ലന്റിസ് പുതിയ മീറ്റ് റെക്കോര്‍ഡും സൃഷ്ടിച്ചു. 5.92, 6 മീറ്റര്‍ ഉയരം മറികടക്കാന്‍ ഡ്യുപ്ലന്റിസ് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. 5.82 മീറ്റര്‍ ഉയരം കൂടുതല്‍ ശ്രമങ്ങളില്‍ മറികടന്നനിലവിലെ ലോക ചാമ്പ്യന്‍ സാം കെന്‍ഡ്രിക്‌സ്(യുഎസ്എ), ലണ്ടന്‍ 2012 ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് റെനൗഡ് ലവില്ലെനിയെ(ഫ്രാന്‍സ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോവിഡ് മുന്‍കരുതലും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചായിരുന്നു ഡയമണ്ട് ലീഗ് മത്സരങ്ങള്‍ നടന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. എങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
ഖത്തറിന്റെ സംഘാടകമികവിനെ താരങ്ങളും ഒഫീഷ്യല്‍സും പ്രശംസിച്ചു. 117 അത്‌ലറ്റുകളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. പുരുഷന്‍മാരുടെ 200 മീറ്ററില്‍ ഐവറികോസ്റ്റിന്റെ ആര്‍തര്‍ സിസ്സെ വിജയിയായി. 20.23 സെക്കന്റില്‍ ഓടിയെത്തി പുതിയ ദേശീയ റെക്കോര്‍ഡോടെയും മികച്ച വ്യക്തിഗത പ്രകടനത്തോടെയുമാണ് സിസ്സെ വിജയിച്ചത്. ജമൈക്കയുടെ ജൂലിയന്‍ ഫോര്‍ട്ടി, ഫ്രാന്‍സിന്റെ ക്രിസ്റ്റഫ് ലിമൈത്രെ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈയിനത്തില്‍ ഖത്തറിന്റെ അബ്ദുല്‍അസീസ് മുഹമ്മദ് ആറാമതായി.
20.88 സെക്കന്റിലാണ് ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. 1500 മീറ്ററില്‍ ഓസ്‌ട്രേലിയയുടെ സ്റ്റിയുവര്‍ട്ട് മക്‌സ്വെയിന്‍, എത്യോപ്യയുടെ സെലിമോണ്‍ ബരേഗ, മൊറോക്കോയുടെ സുഫിയാനി അല്‍ബക്കാലി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഈയിനത്തില്‍ ഖത്തറിന്റെ ആദംഅലി മുസാബിന് ഒന്‍പതാമതും ഹംസ ദ്രിയൂച്ചിന് 11-ാമതും എത്താനെ കഴിഞ്ഞുള്ളു. 3.35.60 മിനുട്ടില്‍ ഫിനിഷ് ചെയ്ത ആദംഅലിക്ക് മികച്ച വ്യക്തിഗതസമയം കുറിക്കാന്‍ കഴിഞ്ഞു. 3.37.15 മിനുട്ടിലാണ് ഹംസ ഫിനിഷ് ചെയ്തത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ ആരോണ്‍ മാലെറ്റ്, സ്വിറ്റ്‌സര്‍ലന്റിന്റെ ജാസണ്‍ ജോസഫ്, ബ്രിട്ടണിന്റെ ഡേവിഡ് കിങ് എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. 800 മീറ്ററില്‍ എത്യോപ്യയുടെ ഫെര്‍ഗൂസണ്‍ റോറ്റിച്, ബ്രിട്ടണിന്റെ എലിയറ്റ് ഗൈല്‍സ്, കെനിയയുടെകിന്‍യമല്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ആതിഥേയരായ ഖത്തറിന്റെ ജമാല്‍ ഹൈറെയ്‌ന് തിളങ്ങാനായില്ല. 11-ാമതായാണ് ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. വനിതകളുടെ 100 മീറ്ററില്‍ ജമൈക്കയുടെ എലെയ്ന്‍ തോംപ്‌സണ്‍ ഹെര ജേതാവായി. 10.87 സെക്കിലാണ് താരം ഫിനിഷ് ചെയ്തത്. ലോകചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവ് ഐവറി കോസ്റ്റിന്റെ മാരി ജോസീ ടാ ലൂ, അമേരിക്കയുടെ കയ്‌ല വൈറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോങ്ജമ്പില്‍ നൈജീരിയയുടെ ഇസെ ബ്രൂമെ, സ്വീഡന്റെ ഖാദ്ദി സാഗ്നിയ, ഉക്രെയ്‌നിന്റെ മറൈന ബെഖ് റൊമന്‍ചക് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ പേയ്ടണ്‍ ചാദ്വിക് 12.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. അമേരിക്കയുടെ തന്നെ താലിയ ബ്രൂക്ക്‌സ്, ബ്രിട്ടണിന്റെ സിന്‍ഡി ഒഫിലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 800 മീറ്ററില്‍ കെനിയയുടെ ഫെയ്ത് കിപ്യെജോണ്‍, സ്‌പെയിന്റെ എസ്തര്‍ ഗ്യുരേരോ, ബ്രിട്ടണിന്റെ അഡെല്ലെ ട്രേസി എന്നിവരും 3000 മീറ്ററില്‍ കെനിയക്കാരായ ഹെലന്‍ ഒബീരി, ആഗ്നസ് ജിബെറ്റ് തിരോപ്്, ബിയാട്രീസ് ചെപ്‌കോയെച്ച് എന്നിവരുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്.
ഹെലന്‍ ഒബീരി വേള്‍ഡ് ലീഡ് പ്രകടനത്തോടെയാണ് ഒന്നാമതെത്തിയത്. ഡയമണ്ട് ലീഗിന്റെ ഭാഗമല്ലാത്ത 1500 മീറ്റര്‍ ബി-റേസില്‍ ഖത്തറിന്റെ മുഹമ്മദ് അല്‍ഗാര്‍നി 3.44.30 മിനുട്ട് എന്ന സീസണിലെ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത് രണ്ടാമതായി. മൊറോക്കോയുടെ ഇല്യാസ് അല്‍ക്വാലിയാണ് വിജയി.
ഈയിനത്തില്‍ മറ്റൊരു ആതിഥേയതാരം യാസര്‍ സലേം ബഗരബ്് മത്സരത്തില്‍ പങ്കെടുക്കാനായില്ല. ഖത്തരി താരങ്ങള്‍ പങ്കെടുത്ത നാല് യൂത്ത് മത്സരങ്ങളും നടന്നു. ഈ മത്സരങ്ങളും ലീഗിന്റെ ഭാഗമല്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ 225 പേര്‍ക്കു കൂടി കോവിഡ്: രോഗമുക്തരുടെ എണ്ണം ഉയരുന്നു

ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് 100 ദിവസം സൗജന്യ ഹൈ സ്പീഡ് ബ്രോഡ് ബ്രാന്‍ഡ്‌